കേരളത്തിൽ നിന്നുള്ള മറ്റൊരു സംരംഭം കൂടി ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. തൃശൂർ അതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൽവർസ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്സ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) പ്രഖ്യാപിച്ചു.
ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിലൂടെ 82.43 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതൊരു മെയിൻബോർഡ് ഐപിഒ അല്ല എന്നത് ശ്രദ്ധേയമാണ്.
പൂർണമായും പുതിയ ഓഹരികൾ
ഈ ഐപിഒ പൂർണമായും പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) വിപണിയിൽ ഇറക്കിക്കൊണ്ടുള്ളതാണ്. 61.98 ലക്ഷം ഓഹരികളാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കമ്പനിയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ജൂലൈ 24-ന് ആരംഭിക്കുന്ന ഐപിഒ നടപടികൾ ജൂലൈ 28-ന് സമാപിക്കും.
മിനിമം 2000 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ആങ്കർ നിക്ഷേപകർക്ക് ജൂലൈ 23-ൽ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. നിക്ഷേപ വിവരങ്ങളും പ്രൈസ് ബാൻഡും
ഓഹരി ഒന്നിന് 123 മുതൽ 133 രൂപ വരെയാണ് ഇഷ്യൂ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്.
ഈ നിരക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 301.6 കോടി രൂപയായി കണക്കാക്കുന്നു. ഐപിഒയിലെ ഓഹരികളിൽ പകുതിയും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി (ക്യുഐബി) മാറ്റിവെച്ചിരിക്കുന്നു.
റീട്ടെയ്ൽ നിക്ഷേപകർക്ക് 35 ശതമാനവും, ബാക്കി 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കുമായി (എൻഐഐ) നീക്കിവെച്ചിട്ടുണ്ട്. ജൂലൈ 31-നാണ് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ ഓഹരികളുടെ ലിസ്റ്റിങ് നടക്കുക.
വികസന പദ്ധതികൾ
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം അമ്യൂസ്മെന്റ്-വാട്ടർ പാർക്ക്, സ്നോ പാർക്ക്, റിസോർട്ട് എന്നിവ സിൽവർസ്റ്റോം പരിപാലിക്കുന്നുണ്ട്. നിലവിൽ ജാർഖണ്ഡിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ലക്നൗവിലും പുതിയൊരു പദ്ധതി ഉടൻ ആരംഭിക്കും. സമാഹരിക്കുന്ന തുകയിൽ 26.11 കോടി രൂപ ലക്നൗവിലെ സ്നോ പാർക്കിനും ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററിനുമായി ചെലവാക്കും.
അതിരപ്പള്ളി പാർക്കിന്റെ വിപുലീകരണത്തിനായി 15.1 കോടി രൂപയും, കടബാധ്യതകൾ തീർക്കുന്നതിനായി 24 കോടി രൂപയും വിനിയോഗിക്കും. അതിരപ്പള്ളിയിൽ പുതിയ കേബിൾ കാർ സംവിധാനവും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.
സാമ്പത്തിക കരുത്ത്
കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വളർച്ചയാണ് സിൽവർസ്റ്റോം രേഖപ്പെടുത്തിയത്. 19.1 കോടി രൂപയാണ് കമ്പനിയുടെ ലാഭം; ഇത് 96.7 ശതമാനം വർധനവാണ്.
വരുമാനത്തിൽ 40.6 ശതമാനം ഉയർച്ചയോടെ 43.6 കോടി രൂപയായി. എബിറ്റ്ഡ 29.4 കോടി രൂപയായും, എബിറ്റ്ഡ മാർജിൻ 67.37 ശതമാനമായും മെച്ചപ്പെട്ടു.
2025-26 കാലയളവിൽ 6.71 ലക്ഷം സന്ദർശകരാണ് പാർക്കിലെത്തിയത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

