കോട്ടയം നഗരത്തിൽ ലഹരി സംഘങ്ങളുടെയും ക്വട്ടേഷൻ ഗുണ്ടാവിളയാട്ടത്തിന്റെയും സ്വാധീനം വർധിച്ചുവരുന്നതായി വ്യാപക പരാതി. രാത്രികാലങ്ങളിൽ നഗരഹൃദയത്തിലൂടെ പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സമീപദിവസങ്ങളിൽ നഗരത്തിൽ അരങ്ങേറിയ അക്രമസംഭവങ്ങൾ സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. മാരകായുധങ്ങളുമായി ബൈക്കുകളിൽ ചുറ്റിത്തിരിയുന്ന ലഹരിമാഫിയ സംഘങ്ങൾ നഗരത്തിന്റെ സമാധാനം തകർക്കുന്നതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
പ്രധാന ഹോട്ട് സ്പോട്ടുകൾ
സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട ഇടങ്ങളായി താഴെ പറയുന്ന പ്രദേശങ്ങളെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്:
തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, പഴയ പ്രൈവറ്റ് സ്റ്റാൻഡ്, വയസ്ക്കര ജില്ലാ ആയൂർവേദാശുപത്രി പരിസരം, ടിബിക്ക് എതിർവശം ചന്തക്കടവ് റോഡ്, കൂടാതെ കോടിമത എംജി റോഡ് പരിസരവും.
അലഞ്ഞുതിരിയുന്നവർക്കെതിരെ നടപടി
കഴിഞ്ഞ ദിവസം രാത്രി 11.15ന് സെൻട്രൽ ജംക്ഷനിൽ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അടിയന്തര ഉന്നതതല യോഗം ചേർന്നു. നഗരസഭ, പൊലീസ്, റവന്യു, ആരോഗ്യം, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകൾ സംയുക്തമായാണ് യോഗത്തിൽ പങ്കെടുത്തത്.
നഗരത്തിൽ നിലവിൽ 128 പേർ അലഞ്ഞുതിരിയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ, നവജാതശിശുക്കളുമായി ഭിക്ഷാടനത്തിന് എത്തുന്ന സംഘങ്ങളും നഗരത്തിലുണ്ട്.
ലഹരി ഉപയോഗത്തിന് ശേഷം ഇവർ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ പതിവാണ്. തിരുനക്കര മൈതാനത്ത് തമ്പടിച്ചിരിക്കുന്നവരെ ഉടൻ തന്നെ മാറ്റിപ്പാർപ്പിക്കാൻ നഗരസഭ തീരുമാനിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണപ്പൊതികൾ ലക്ഷ്യമിട്ടാണ് പലരും നഗരത്തിലേക്ക് എത്തുന്നത്. നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപാധ്യക്ഷ ഷീബ പുന്നൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.ഗോപകുമാർ, കെ.കെ.പ്രസാദ്, നഗരസഭാംഗം സി.എൻ.സത്യനേശൻ, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

