സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ കനത്ത മണ്ണിടിച്ചിലിലും തുടർന്നുണ്ടായ വാതകച്ചോർച്ചയിലും ഏഴുപേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
തീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നടന്നുവന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് തുരങ്കം തകർന്നത്. നിലവിൽ 27 ഓളം പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇവരിൽ 19 പേർ നിർമാണത്തൊഴിലാളികളാണ്. ഇതിനുപുറമെ, നിർമാണ കരാർ ഏറ്റെടുത്ത പട്ടേൽ എൻജിനീയറിങ് കമ്പനിയിലെ മൂന്ന് ജീവനക്കാരും, എൻഎച്ച്പിസി (NHPC)-യുടെ 6 ജീവനക്കാരും തുരങ്കത്തിനകത്തുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് നംചി ജില്ലാ കലക്ടർ അനുപ ടാംലിങ് അറിയിച്ചു. “തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും രണ്ടു തവണ തുരങ്കത്തിനുളളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നു” എന്ന് അദ്ദേഹം പറഞ്ഞു. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യം അമിതമായി കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനെത്തിയ ദേശീയ ദുരന്ത പ്രതികരണ സേന (NDRF) സംഘത്തിലെ ഉദ്യോഗസ്ഥർക്ക് ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ മറ്റൊരു സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

