വർക്കല വടശ്ശേരിക്കോണം ആര്യഭവനിൽ താമസിക്കുന്ന അനിൽകുമാർ എന്ന കെട്ടിട നിർമ്മാണ തൊഴിലാളിയാണ് അക്രമി സംഘത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായത്.
മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. മൂന്നു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ അനിൽകുമാർ താൻ അനുഭവിച്ച ദുരിതങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.
പ്രതികളുടെ ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹത്തിന്റെ വലതുകയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. സംഭവം നടന്നത് ഇങ്ങനെ
16-ാം തീയതി രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്.
പ്രതികളുടെ ആവശ്യം പ്രകാരം സ്വന്തം സ്കൂട്ടറിൽ കിളിമാനൂർ വെള്ളല്ലൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിയതായിരുന്നു അനിൽകുമാർ. വീട്ടിലേക്ക് പ്രവേശിച്ച അനിൽകുമാറിനെ പിന്നിൽ നിന്ന് രണ്ട് പേർ ചേർന്ന് ബലമായി പിടികൂടുകയായിരുന്നു.
ഒരാൾ ഹെൽമറ്റ് ഉപയോഗിച്ച് അനിൽകുമാറിന്റെ തലയിലും നെറ്റിയിലും തുടർച്ചയായി ആഞ്ഞടിച്ചു. തുടർന്ന് ചങ്ങലയും താഴും ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച ശേഷം മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
വായിൽ തുണി തിരുകിയ ശേഷം പ്ലാസ്റ്ററും തോർത്തും ഉപയോഗിച്ച് വായ മൂടിക്കെട്ടി തൂണിൽ കെട്ടിയിടുകയായിരുന്നു. പുറത്തുനിന്നുള്ളവർ ശബ്ദം കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നു.
മകനും ക്രൂരമർദനം
അനിൽകുമാറിന്റെ ഫോൺ ഉപയോഗിച്ച് മകൻ അച്ചുവിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ അച്ചുവിനെയും അക്രമി സംഘം കെട്ടിയിട്ട് മർദിച്ചു.
സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായാണ് മർദനം നടത്തിയത്. പ്രതികളിലൊരാളായ ലാൽ കൃഷ്ണയാണ് ഏറ്റവും ക്രൂരമായി മർദിച്ചതെന്ന് അനിൽകുമാർ വ്യക്തമാക്കി.
ഇതിനുശേഷം അമ്മയെയും കൂട്ടി വരാൻ ആവശ്യപ്പെട്ട് പ്രതികൾ അച്ചുവിനെ വിട്ടയച്ചു. അച്ചുവിനൊപ്പം സുധീഷും പോയിരുന്നു.
വീട്ടിലെത്തിയ അച്ചു അമ്മ സ്വപ്നയോട് വിവരം പറയുകയും, അവർ ഉടൻ തന്നെ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രസിഡന്റ് വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് അനിൽകുമാർ മോചിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതിയായ മതിര തെറ്റിമുക്ക് സ്വദേശി സുധീഷ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങൾക്കും കുടുംബത്തിനുമെതിരെ പ്രതികൾ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

