തൊടുപുഴ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്ത്. മദ്യപിച്ചാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് എത്തിയതെന്ന് ആരോപിച്ച് ഇവർ പൊലീസുകാരുടെ വാഹനവും ഉദ്യോഗസ്ഥരെയും തടയുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം നടന്നത്. കരിമണ്ണൂർ സ്റ്റേഷനിലെ എസ്ഐ റോയ് സുകുമാരൻ, കൂടെയുണ്ടായിരുന്ന ഡ്രൈവർ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്.
സംഘർഷാവസ്ഥയെ തുടർന്ന് തൊടുപുഴ എസ്എച്ച്ഒ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിനുള്ളിൽ നിന്ന് ചീട്ടുകെട്ടും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെടുത്തതോടെ സ്ഥിതി കൂടുതൽ വഷളായി.
തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ബ്രീത്ത് അനലൈസർ പരിശോധനയിലോ പ്രാഥമിക രക്തപരിശോധനയിലോ മദ്യപിച്ചതായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇടുക്കി എസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോടും തൊടുപുഴ ഡിവൈഎസ്പിയോടും സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി എസ്പി അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതി നടപ്പിലാക്കുന്നതിനിടെ പൊലീസുകാർക്കെതിരെ ഇത്തരമൊരു ആരോപണം ഉയർന്നതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നാണ് എസ്ഐ റോയ് സുകുമാരൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഘോഷപരിപാടികൾക്ക് അനുമതി നിഷേധിച്ചതിലുള്ള വിരോധമാണ് തങ്ങളെ തടയാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.
വാഹനത്തിൽ നിന്ന് കണ്ടെടുത്ത ചീട്ടുകെട്ടുകൾ നേരത്തെ കേസ് രജിസ്റ്റർ ചെയ്തപ്പോൾ പിടിച്ചെടുത്തതാണെന്നും, മദ്യക്കുപ്പി എങ്ങനെ വാഹനത്തിൽ എത്തിയെന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

