കണ്ണൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ പിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾക്ക് കടുത്ത ദുരിതം. രാവിലെ നടന്ന പരീക്ഷ പൂർത്തിയാക്കി ഉദ്യോഗാർഥികൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചത്.
ഈ വിവരം അറിഞ്ഞതോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാർഥികൾ വലിയ തോതിൽ അങ്കലാപ്പിലായി. ബോർഡ്, കോർപറേഷൻ, കമ്പനി എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ തടസ്സമില്ലാതെ നടന്നിരുന്നു.
എന്നാൽ, ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഇതോടെ പരീക്ഷാ കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധവും ആശങ്കയും ഉയർന്നു.
പ്രതിഷേധിച്ചാൽ ഭാവിയിൽ ജോലിക്കുള്ള സാധ്യതയെ ബാധിക്കുമോ എന്ന ഭയത്താൽ പലരും സ്കൂൾ അധികൃതരോട് പരാതിപ്പെട്ട ശേഷം മടങ്ങുകയായിരുന്നു.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷയായതിനാൽ തന്നെ വലിയൊരു വിഭാഗം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതാൻ എത്തിയത്. കൈക്കുഞ്ഞുങ്ങളുമായി ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയവർക്ക് പരീക്ഷ മാറ്റിവെച്ച തീരുമാനം കനത്ത തിരിച്ചടിയായി.
രാവിലെ പരീക്ഷയെഴുതിയവരും വൈകിട്ട് പരീക്ഷ എഴുതേണ്ടവരും ഒരേസമയം ബസ് സ്റ്റാൻഡുകളിലും മറ്റും എത്തിയത് വലിയ തിരക്കിന് കാരണമായി. പലർക്കും മടക്കയാത്രയ്ക്കായി ബസ് ലഭിക്കാത്ത സാഹചര്യം ഉണ്ടായതോടെ ഉദ്യോഗാർഥികൾ വലിയ പ്രയാസത്തിലായി.
രാവിലെ നടന്ന പരീക്ഷ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയും ഉദ്യോഗാർഥികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

