ആലപ്പുഴ ജില്ലയിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന പത്തൊൻപതുകാരനെ എക്സൈസ് സംഘം പിടികൂടി. ഗൗതം രതീഷ് (19) ആണ് എക്സൈസിന്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ എക്സൈസ് സൈബർ സെൽ വിഭാഗം നടത്തിയ സൈബർ പട്രോളിംഗിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
തുടർന്ന്, ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ വാളിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് പ്രദേശം വളയുകയായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പ്രിവന്റീവ് ഓഫീസർ അനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപികൃഷ്ണൻ, സാജൻ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കാളികളായി. ഇയാളെ കൂടാതെ ലഹരി വിപണന ശൃംഖലയിൽ ഉൾപ്പെട്ട
കൂടുതൽ ആളുകളെ കണ്ടെത്താൻ വരുംദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

