തനിക്കെതിരെ ജി.സുധാകരൻ എംഎൽഎ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ എംഎൽഎ എച്ച്.സലാം വ്യക്തമാക്കി. തന്നെ ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച സാഹചര്യത്തിൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടി കോടതിയിൽ നൽകാൻ സുധാകരൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിയുടെ അനുമതിയോടെയാണ് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് സലാം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഈ പരാമർശത്തെക്കുറിച്ച് ചോദിക്കുമ്പോൾ, ഇതൊരു ‘ഓണാട്ടുകര ഭാഷ’യാണെന്ന തരത്തിലുള്ള ന്യായീകരണങ്ങൾ അദ്ദേഹം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും സലാം പരിഹസിച്ചു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുധാകരൻ സ്വന്തം നിലയിൽ പണം പിരിച്ചെടുത്തുവെന്നും, ആ തുക പാർട്ടിക്ക് പൂർണ്ണമായി കൈമാറിയിട്ടില്ലെന്നും സലാം ആരോപിച്ചു. ഈ വിഷയത്തിൽ സുധാകരൻ വ്യക്തമായ കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകണമെന്നും, പാർട്ടി അറിയാതെ പിരിച്ചെടുത്ത പണം നൽകിയവർക്ക് തന്നെ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നേതാക്കളെയും വനിതാ നേതാക്കളെയും തുടർച്ചയായി ആക്ഷേപിക്കുന്ന ശൈലിയാണ് സുധാകരന്റേതെന്ന് എച്ച്.സലാം കുറ്റപ്പെടുത്തി. വ്യക്തിവിരോധം തീർക്കാൻ ജാതിയും മതവും വർഗീയതയും ഉപയോഗിക്കുന്നതായും, പറഞ്ഞ കാര്യങ്ങൾ പിന്നീട് നിഷേധിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നും സലാം ആരോപിച്ചു.
സേവാഭാരതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷെഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ‘പൊതിച്ചോറ്’ വിവാദം അദ്ദേഹം സൃഷ്ടിച്ചതെന്നും സലാം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

