ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. ആലപ്പുഴ സ്വദേശികളായ ബിബിൻ, സൗമ്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മഹാലക്ഷ്മി ഫൈനാൻസ് എന്ന പേരിൽ വ്യാജ ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം.
കുറഞ്ഞ പലിശയ്ക്ക് അതിവേഗം വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇരകളെ വലയിലാക്കിയിരുന്നത്. വായ്പയുടെ പ്രോസസ്സിംഗ് ഫീസായി 75,000 രൂപ ആവശ്യപ്പെടുകയും, തുക നൽകാൻ കഴിയാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കുകയുമാണ് പതിവ്.
തുടർന്ന് ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൻതുക തട്ടുകയായിരുന്നു. പത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
അന്വേഷണത്തിൽ, വഴിയോരക്കച്ചവടക്കാരുടെ പേരിൽ എടുത്ത സിം കാർഡുകളും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും ഇവർ പണം നൽകി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് പാലക്കാട് സ്വദേശിയായ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വിവിധ ജില്ലകളിൽ മാറി മാറി താമസിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായ ബിബിൻ നേരത്തെ ഏഴ് കവർച്ചാ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
ദമ്പതികൾ പിടിയിലായതോടെ കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

