തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ യഹിയ നടത്തിയ അക്രമസംഭവങ്ങൾ സേനയ്ക്ക് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥൻ, കസ്റ്റഡിയിലുള്ള പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം വെച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആയുധങ്ങളുമായി പിടിയിലായ നാലംഗ സംഘത്തിലെ രണ്ടുപേർ യഹിയയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഉച്ചയോടെ സ്റ്റേഷനിലെത്തിയ സിഐ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
വാക്കേറ്റം രൂക്ഷമായതോടെ ഇദ്ദേഹം ബലം പ്രയോഗിച്ച് ലോക്കപ്പിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ പരിസരത്ത് കിടന്ന് ബഹളമുണ്ടാക്കിയ ഇദ്ദേഹത്തെ, സഹപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.
സംഭവം വിവാദമായതോടെ, താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം യഹിയയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് കേസ്.
അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുൻപും സമാനമായ രീതിയിൽ അച്ചടക്ക ലംഘനങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറൽ എസ്പി നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സിഐയെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

