മലയാള സിനിമയിൽ മാസ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നതിൽ മുൻനിര താരങ്ങൾക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ജോജു ജോർജ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങളുടെ ശൈലിയോട് കിടപിടിക്കുന്ന പ്രകടനമാണ് ജോജു ജോർജ് സമീപകാലത്തായി കാഴ്ചവെക്കുന്നത്.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ പുതിയ ചിത്രം വരവ്. തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 1.55 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ കൂടിയാണിത്.
ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന ചിത്രം നേടിയ 1.25 കോടിയുടെ റെക്കോർഡും, ജോജു തന്നെ സംവിധാനം ചെയ്ത പണി എന്ന ചിത്രം നേടിയ 1.15 കോടിയുടെ റെക്കോർഡുമാണ് വരവ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലുള്ള പകയും അതിജീവനവും പ്രമേയമാക്കുന്ന ചിത്രം, 98 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിലൂടെയാണ് പൂർത്തിയായത്.
വലിയ ബജറ്റിലൊരുങ്ങിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എ.കെ. സാജൻ ആണ്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

