പെരുമ്പാവൂർ മേഖലയിൽ മഴ ശക്തമായതോടെ വൂളി ബിയർ കാറ്റർപില്ലർ വിഭാഗത്തിൽപ്പെട്ട രോമാവൃത പുഴുക്കളുടെ സാന്നിധ്യം വ്യാപകമാകുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവയുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെരിയാർ തീരപ്രദേശങ്ങളിലും വനമേഖലയോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവയുടെ ശല്യം ഏറ്റവും അധികമായി അനുഭവപ്പെടുന്നത്.
കറുത്ത ശരീരവും വെളുത്തതും ചാരനിറത്തിലുള്ളതുമായ നീണ്ട രോമങ്ങളുമുള്ള ഈ പുഴുക്കൾ മരങ്ങളിലും കുറ്റിച്ചെടികളിലും മാത്രമല്ല, വീടുകളുടെ മതിലുകളിലും വരാന്തകളിലും വരെ വ്യാപകമായി എത്തിയിട്ടുണ്ട്.
മഴക്കാലത്തെ അനുകൂല സാഹചര്യങ്ങളും ഈർപ്പവും പുഴുക്കളുടെ പെട്ടെന്നുള്ള പ്രജനനത്തിന് കാരണമാകുന്നതായി പ്രകൃതി നിരീക്ഷകർ വിലയിരുത്തുന്നു. മരങ്ങളിലെ ഇലകൾ ഭക്ഷണമാക്കി വളരുന്ന ഇവ, ചെറുമരങ്ങളുടെയും അലങ്കാരസസ്യങ്ങളുടെയും വളർച്ചയെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
രാത്രികാലങ്ങളിൽ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന സ്വഭാവമുള്ളതിനാൽ വീടുകളുടെ ജനലുകളിലും വാതിലുകളിലും ഇവയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നു. ഈ പുഴുക്കളുടെ ശരീരത്തിലെ രോമങ്ങൾ തൊടുന്നത് ചർമവീക്കം, അലർജി, ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അതിനാൽ കുട്ടികളും പ്രായമായവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഇവയെ കൈകൊണ്ട് സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രദേശവാസികളുടെ പരാതികളെത്തുടർന്ന് വീടുകളുടെ പരിസരത്തുള്ള കുറ്റിച്ചെടികളും ഉണങ്ങിയ ഇലക്കൂമ്പാരങ്ങളും നീക്കം ചെയ്ത് ശുചിത്വം പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ ശല്യം രൂക്ഷമായ ഇടങ്ങളിൽ ശാസ്ത്രീയമായ നിയന്ത്രണ മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

