തൊടുപുഴ കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിയായ അജീഷ് എന്ന ആദിവാസി യുവാവാണ് വനംവകുപ്പിന്റെ നടപടികൾ മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഉപജീവനമാർഗമായി ലോണെടുത്തും കടം വാങ്ങിയും സ്വന്തമാക്കിയ മണ്ണുമാന്തിയന്ത്രം വനംവകുപ്പ് പിടിച്ചെടുത്തതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
അഞ്ച് വർഷം മുൻപ് നടന്ന സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്. 2020-ൽ കഞ്ഞിക്കുഴിയിൽ വീടു നിർമാണത്തിനായി മണ്ണു നീക്കുന്നതിനിടെ വനംവകുപ്പിന്റെ ഭൂമിയിലെ മരം മുറിച്ചുവെന്നാരോപിച്ചാണ് അജീഷിന്റെ യന്ത്രം അധികൃതർ പിടിച്ചെടുത്തത്.
ആ സമയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ തന്നോട് പറഞ്ഞ വാക്കുകൾ അജീഷ് ഇങ്ങനെ ഓർക്കുന്നു: ‘എന്നെ ധിക്കരിച്ച് നീ വണ്ടി ഇവിടെ കൊണ്ട് ഇടാതിരുന്നാൽ ഇനി നീ പണിയെടുക്കില്ല’. പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പുകളാണ് നടന്നതെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അജീഷ് പറയുന്നതിങ്ങനെ: ‘ഭയന്നിട്ടാണ് അന്ന് വാഹനം കൊണ്ടുപോയി സെക്ഷൻ ഓഫിസ് വളപ്പിൽ ഇട്ടത്. എനിക്ക് ഇതിന്റെ നിയമവശങ്ങൾ അറിയില്ല.
അവർ (വനംവകുപ്പ് ഉദ്യോഗസ്ഥർ) പറഞ്ഞ കടലാസിൽ ഞാൻ ഒപ്പിട്ടു. 500 രൂപ പിഴ വരുന്ന കുറ്റത്തിനാണ് 30 ലക്ഷം രൂപ വിലവരുന്ന എന്റെ മണ്ണുമാന്തിയന്ത്രം കണ്ടുകെട്ടിയത്.
വാഹനം വിട്ടുകിട്ടാൻ കോടതിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ഡിഎഫ്ഒ എന്നെ വിളിപ്പിച്ച് കോടതി വഴി നീങ്ങാതെയിരുന്നാൽ കുറഞ്ഞ ചെലവിൽ യന്ത്രം ഇറക്കിത്തരാമെന്ന് അറിയിച്ചു. എന്നാൽ 4 മാസത്തിനു ശേഷം ഹിയറിങ്ങിൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് ഞാൻ കോടതിയെ സമീപിച്ചില്ല എന്നും ചോദിച്ചു’.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വനംവകുപ്പ് ആവശ്യപ്പെട്ട 18 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാൻ സാധിക്കാത്തത് തിരിച്ചടിയായി.
നിലവിൽ മറ്റുള്ളവരുടെ യന്ത്രങ്ങളിൽ പണിക്കുപോയാണ് ഇദ്ദേഹം തന്റെ യന്ത്രത്തിന്റെ ഇഎംഐ അടയ്ക്കുന്നത്. ഫോറസ്റ്റ് ഓഫിസ് വളപ്പിൽ കിടന്ന് നശിക്കുന്ന തന്റെ യന്ത്രം മഴയിൽ നിന്ന് സംരക്ഷിക്കാൻ ഒരു പടുത വിരിക്കാൻ പോലും ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് അജീഷ് പരാതിപ്പെടുന്നു.
ഭാര്യയും പ്ലസ് ടുവിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്ന കുടുംബം കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. കഴിഞ്ഞ ദിവസം ഓഫിസിലെത്തി ഇദ്ദേഹം ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

