സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവിനെ സാരമായി ബാധിക്കുന്നു. പാചകവാതകം മുതൽ പച്ചക്കറി, മത്സ്യം, ഇറച്ചി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർധന ഇടത്തരം കുടുംബങ്ങളുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കി.
ഇറച്ചി വിപണിയിലെ പ്രതിസന്ധി
തൊടുപുഴ മേഖലയിൽ ഇറച്ചിക്കോഴിയുടെ വില കിലോഗ്രാമിന് 188–195 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഉൽപാദനത്തിലെ കുറവും കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ വില വർധനയുമാണ് ഈ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
വരും ദിവസങ്ങളിലും വില കുറയാനുള്ള സാധ്യത വിരളമാണെന്ന് ഇവർ വിലയിരുത്തുന്നു. ബീഫിന് കിലോഗ്രാമിന് 480–500 രൂപയും, പന്നിയിറച്ചിക്ക് 300–350 രൂപയുമാണ് നിലവിലെ നിരക്ക്.
നാടൻ കോഴിക്ക് കിലോഗ്രാമിന് 230–250 രൂപ നൽകേണ്ടി വരുന്നു. കോഴിമുട്ടയുടെ ചില്ലറ വിൽപന വില എട്ടു രൂപ കടന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയായി.
പാചകവാതക വില
വീടുകളിൽ എത്തുമ്പോൾ ഗാർഹിക പാചകവാതക സിലിണ്ടറിന് ആയിരം രൂപയോളം ചെലവാകുന്നുണ്ട്. 950 രൂപ അടിസ്ഥാന വിലയുള്ള സിലിണ്ടറിന് യാത്രാക്കൂലി കൂടി ചേരുമ്പോഴാണ് സാധാരണക്കാരന് ബാധ്യതയേറുന്നത്.
പച്ചക്കറി വിപണി
പച്ചക്കറി വിപണിയിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കാരറ്റ് (80), കോവയ്ക്ക (80), ബീൻസ് (70), തക്കാളി (50–56), വള്ളിപ്പയർ (70), സവാള (35), ഇഞ്ചി (200–250), ചുവന്നുള്ളി (80), വെളുത്തുള്ളി (200–250), പാവയ്ക്ക (60), ചേന (70), പച്ചമുളക് (60–80), മുരിങ്ങക്കായ (100), ബീറ്റ്റൂട്ട് (70), കാബേജ് (60) എന്നിങ്ങനെയാണ് കിലോഗ്രാമിന് ഈടാക്കുന്ന ശരാശരി വില.
ഓണക്കാലവും വിവാഹ സീസണുകളും അടുത്തിരിക്കെ വിപണിയിലെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്. മത്സ്യ വിപണി
ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായിട്ടുണ്ട്.
മത്തി (200–220), അയല (260–320), ഓലക്കുടി (560), കേര (520–560), കൊഴുവ (120–150), കിളിമീൻ (320–360) എന്നിങ്ങനെയാണ് വിപണിയിലെ നിരക്ക്. ജൂലൈ 31 വരെ നിരോധനം നീളുന്നതിനാൽ അതുവരെ വിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് വ്യാപാരികളുടെ നിഗമനം.
ഹോട്ടൽ മേഖല
പാചകവാതക വിലവർധനവും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും കാരണം ഹോട്ടൽ മേഖലയിലും ഭക്ഷണവില വർധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ്. ഉച്ചയൂണിനും മറ്റ് ഭക്ഷണ വിഭവങ്ങൾക്കും മിക്കയിടത്തും വില വർധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

