ഓൺലൈൻ പരസ്യം കണ്ട് നിരീക്ഷണ ക്യാമറ ഓർഡർ ചെയ്ത വ്യാപാരിക്ക് ലഭിച്ചത് കവർ നിറയെ മണ്ണ്. കൊല്ലം പെരിനാട് വെള്ളിമൺ ഇടവട്ടം ശ്രീകൃഷ്ണ വിലാസത്തിൽ മോഹനൻ പിള്ള (55) ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.
തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ 11-ാം തീയതി ആണ് യുട്യൂബിലെ പരസ്യം കണ്ട് മോഹനൻ പിള്ള ക്യാമറ ഓർഡർ ചെയ്തത്. 999 രൂപയ്ക്ക് എഐ ക്യാമറ നൽകുമെന്നും അഞ്ച് ദിവസത്തിനുള്ളിൽ ഹോം ഡെലിവറി ലഭ്യമാക്കുമെന്നുമായിരുന്നു പരസ്യത്തിലെ വാഗ്ദാനം.
നിശ്ചയിച്ചതുപോലെ തന്നെ അഞ്ചാം ദിവസമായ 15-ാം തീയതി പാഴ്സൽ വീട്ടിലെത്തി. എന്നാൽ, കുറിയർ വഴി ലഭിച്ച പൊതി തുറന്നു പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്നത് കവർ നിറയെ മണ്ണായിരുന്നു.
പാഴ്സൽ എത്തിച്ച ഡെലിവറി ബോയിയെ ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നായിരുന്നു മറുപടി. എങ്കിലും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി അയച്ചയാളുടെ വിലാസം (ഫ്രം അഡ്രസ്) ലഭ്യമാക്കാൻ ഡെലിവറി ബോയ് തയ്യാറായി.
വർഷങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുന്ന വ്യക്തിയാണ് താനെന്നും എന്നാൽ ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നതെന്നും മോഹനൻ പിള്ള വ്യക്തമാക്കി. സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

