ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് മാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ അനുമതി. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിനെ മാറ്റി, പകരം പി.എസ്.ശാന്തകുമാറിനെ നിയമിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്നുതന്നെ പി.എസ്.ശാന്തകുമാർ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി. 2026–27 കാലയളവിലേക്കുള്ള നിയമനത്തിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ദേവസ്വം ബോർഡ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പി.എസ്.ശാന്തകുമാർ നേരത്തെ ഇതേ തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ പ്രതികൂലമായ വിജിലൻസ് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ അപേക്ഷ കോടതി അംഗീകരിച്ചത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ ദീർഘകാലം ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഒ.ജി.ബിജു, എസ്. ശ്രീനിവാസ് തുടങ്ങിയ ഉദ്യോഗസ്ഥർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതുമായി ബന്ധപ്പെട്ട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയില്ലാതെയാണ് ഒ.ജി.ബിജുവിനെ ബോർഡ് പുനർനിയമനം ചെയ്തതെന്ന ആക്ഷേപവും നിലനിന്നിരുന്നു. അഷ്ടാഭിഷേകം, ആടിയ ശിഷ്ടം നെയ്യ് എന്നിവയുമായി ബന്ധപ്പെട്ട
ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിലെ ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ച് ഇടപെട്ടത്. ഈ അഴിമതി ആരോപണങ്ങളിൽ ഒ.ജി.ബിജുവിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.
തുടർന്നാണ് ഉദ്യോഗസ്ഥനെ മാറ്റാൻ സർക്കാർ തീരുമാനമെടുത്തത്. തനിക്ക് തുടരാൻ താൽപര്യമില്ലെന്ന് ഒ.ജി.ബിജുവിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷമാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാൻ ദേവസ്വം ബോർഡ് നടപടികൾ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

