എടത്വ മേഖലയിൽ മുട്ടയുടെ വിലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം താറാവ് മുട്ടയുടെ വിലയിൽ 2 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആറ് മാസം മുൻപ് 11 രൂപയ്ക്ക് ലഭ്യമായിരുന്ന സ്ഥാനത്ത് നിലവിൽ ഒരു താറാവ് മുട്ടയ്ക്ക് 15 രൂപ നൽകേണ്ട സ്ഥിതിയാണുള്ളത്.
വില വർധനവിനൊപ്പം തന്നെ മുട്ടയുടെ തൂക്കത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും തീറ്റ ലഭ്യമായിരുന്ന കാലയളവിൽ ഒരു മുട്ടയ്ക്ക് 68 ഗ്രാം മുതൽ 70 ഗ്രാം വരെ തൂക്കം ഉണ്ടായിരുന്നു.
എന്നാൽ നിലവിൽ ഇത് 48 മുതൽ 50 ഗ്രാം വരെയായി ചുരുങ്ങി. മുട്ടയുടെ ലഭ്യതയിലുണ്ടായ കുറവും വിപണിയെ ബാധിച്ചിട്ടുണ്ട്.
നാടൻ കോഴി മുട്ടയുടെ വില 7 രൂപയിൽ നിന്നും 10 രൂപയായി ഉയർന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മുട്ടയ്ക്ക് പോലും നിലവിൽ 9 രൂപയാണ് ഈടാക്കുന്നത്.
മുട്ട വിലയിലുണ്ടായ ഈ വർധനവ് ഹോട്ടൽ മേഖലയെയും ബാധിച്ചിട്ടുണ്ട്.
ഓംലറ്റ് ഉൾപ്പെടെ മുട്ട വിഭവങ്ങളുടെ വിലയിൽ ഹോട്ടലുടമകൾ വർധനവ് വരുത്തി.
തീറ്റയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടവും പാടശേഖരങ്ങളിൽ നിന്നും തീറ്റ ലഭിക്കാത്ത സാഹചര്യവും കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കർഷകരും താറാവ് കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
1000 താറാവുകൾ ഉള്ള ഒരു കർഷകന് ദൈനംദിന ചെലവുകൾക്കായി 6000 രൂപയിലധികം ആവശ്യമായി വരുന്നുണ്ട്. ഇതിനു പുറമെ തൊഴിലാളിക്കുള്ള കൂലിയും നൽകണം.
ഒരു മാസം മുൻപ് വരെ 50 കിലോ അരി അടങ്ങിയ ചാക്കിന് 1350 രൂപയായിരുന്നു വിലയെങ്കിൽ, നിലവിൽ അത് 1400 രൂപയായി ഉയർന്നു. വിപണിയിൽ നിന്ന് ഉയർന്ന വില നൽകി തീറ്റ വാങ്ങി കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് കർഷകർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

