ഏറ്റുമാനൂർ നഗരസഭയുടെ എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷണം പോയതായി ഹരിതകർമസേനയുടെ പരാതി. കസേരകളും മേശകളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മോഷണം പോയത്.
ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് സേനാംഗങ്ങൾ ആരോപിക്കുന്നു. നഗരസഭ കാര്യാലയത്തിന് സമീപമുള്ള മത്സ്യ മാർക്കറ്റ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് എംസിഎഫ് പ്രവർത്തിക്കുന്നത്.
സംഭവദിവസം വൈകിട്ട് 5 വരെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നുവെന്നും, അതിനുശേഷം ക്യാമറകൾ ബോധപൂർവം ഓഫാക്കി മോഷണം നടത്തുകയായിരുന്നുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 60-ൽ അധികം ഹരിതകർമസേനാംഗങ്ങൾ ഒപ്പിട്ട
നിവേദനം നഗരസഭ അധികൃതർക്ക് കൈമാറി. അതേസമയം, സംഭവത്തിൽ ഭിന്നിച്ച അഭിപ്രായവുമായി നഗരസഭ രംഗത്തെത്തി.
നഗരസഭയുടെ കണ്ടിൻജന്റ് ജീവനക്കാർ എംസിഎഫ് വൃത്തിയാക്കിയെന്നും, സാധനങ്ങൾ അടുക്കിവെച്ചപ്പോൾ ഉണ്ടായ സ്ഥലസൗകര്യം കണ്ട് സാധനങ്ങൾ മോഷണം പോയതാണെന്ന് ഹരിതകർമസേനാംഗങ്ങൾ തെറ്റിദ്ധരിച്ചതാകാം എന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ കണ്ടിൻജന്റ് ജീവനക്കാർ എംസിഎഫിൽ പ്രവേശിച്ചതും, തുടർന്ന് സിസിടിവി ക്യാമറ ഓഫായതും വലിയ ദുരൂഹതകൾക്ക് വഴിവെക്കുന്നതായി ഹരിതകർമസേന ചൂണ്ടിക്കാട്ടുന്നു.
ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ തങ്ങൾ ശേഖരിച്ചിരുന്നുവെന്നും, ഇത് വിറ്റുകിട്ടേണ്ട തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും സേനാംഗങ്ങൾ ആരോപിച്ചു.
കുടിശ്ശികയുള്ള തുക ഉടൻ ലഭ്യമാക്കണമെന്നും, മോഷണത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും ഹരിതകർമസേന മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

