സംസ്ഥാനത്തെ കപ്പൽ നിർമാണ മേഖലയിൽ വൻതോതിലുള്ള നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ച കാര്യം മുഖ്യമന്ത്രി വി.ഡി.സതീശൻ സ്ഥിരീകരിച്ചു.
ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾ സർക്കാർ വിശദമായി പരിശോധിച്ചു വരികയാണ്.
ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും ഈ പദ്ധതിയിൽ സർക്കാർ മുന്നോട്ടുപോവുകയെന്ന് അദ്ദേഹം ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അടുത്തിടെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർണപ്പണയ വായ്പാ സ്ഥാപനമായ യോഗക്ഷേമം ലോൺസിനെ ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തത് ബിസിനസ് രംഗത്ത് വലിയ ചർച്ചയായിരുന്നു. ഈ ഏറ്റെടുക്കലിലൂടെ ഗോൾഡ് ലോൺ വിപണിയിലേക്ക് ടാറ്റയുടെ കടന്നുവരവ് ഔദ്യോഗികമായി സംഭവിച്ചു.
കേരളത്തിലെ ഒരു സ്ഥാപനത്തെ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ കപ്പൽ നിർമാണ മേഖലയിലെ നിർണ്ണായക നീക്കം. കേരളത്തെ പ്രമുഖ സമുദ്രയാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വി.ഡി.സതീശൻ അവതരിപ്പിച്ച ബജറ്റിൽ ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അത്യാധുനിക കപ്പൽശാല സ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപ സാധ്യതകൾ കൂടി തെളിയുന്നത് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

