മേപ്പാടി കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ അഗ്നിരക്ഷാസേന കാഴ്ചവെച്ചത് സ്തുത്യർഹമായ രക്ഷാപ്രവർത്തനം. ദുരന്തവാർത്ത പുറത്തുവന്ന ഉടൻ തന്നെ ജില്ലയിലെ മുഴുവൻ അഗ്നിരക്ഷാസേന യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
തുടർച്ചയായ മണ്ണിടിച്ചിലിന്റെ സാധ്യതകൾ നിലനിൽക്കെ തന്നെ, അതീവ അപകടാവസ്ഥയിലായ പാലത്തിലൂടെ നിർമ്മാണ തൊഴിലാളികളെയും മീനാക്ഷി എസ്റ്റേറ്റ് നിവാസികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സേനാംഗങ്ങൾക്ക് സാധിച്ചു. ശാസ്ത്രീയമായ രക്ഷാപ്രവർത്തനമാണ് ദുരന്തഭൂമിയിൽ നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായി പ്രദേശത്തെ നാല് സോണുകളായി വിഭജിക്കുകയും പ്രത്യേക സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു. ഇൻസിഡന്റ് കമാൻഡ് സിസ്റ്റം ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനം.
ചെളിയിലും മണ്ണിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക ‘ലൈഫ് ഡിറ്റക്ഷൻ’ ഉപകരണങ്ങൾ സജ്ജമാക്കിയിരുന്നു. മണ്ണിടിച്ചിലിൽ പുഴയിലേക്ക് വീണ ബസിനുള്ളിലും കുത്തിയൊഴുകുന്ന പുഴയുടെ കൈവഴികളിലും അഗ്നിരക്ഷാസേനയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, റോപ് റെസ്ക്യൂ ടീം, സ്കൂബ ടീം എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി.
ഇതിന്റെ ഫലമായി ദുരന്തത്തിന്റെ ആദ്യദിനം തന്നെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചു. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ കൂടി എത്തിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി.
ആദ്യദിനം 200 സേനാംഗങ്ങൾ ദുരന്തമുഖത്ത് സജീവമായിരുന്നു. തുടർദിവസങ്ങളിൽ സിവിൽ ഡിഫൻസ് വോളന്റിയർമാർ ഉൾപ്പെടെ 150 പേർ ദൗത്യത്തിൽ പങ്കാളികളായി.
കോഴിക്കോട് റീജനൽ ഫയർ ഓഫീസർ ടി. രജീഷ്, വയനാട് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, കൽപറ്റ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.
കൃഷ്ണൻ, മാനന്തവാടി സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

