തിരുവനന്തപുരം മൃഗശാലയിൽ നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിങ്കുരങ്ങ് വിഭാഗത്തിൽ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു.
നീലഗിരി ലങ്കുർ വർഗ്ഗത്തിൽപ്പെട്ട 15 വയസ്സുള്ള ‘രഞ്ജിനി’ എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്.
18 വയസ്സുകാരനായ ‘രാജീവ്’ ആണ് അച്ഛൻ കുരങ്ങ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ അപൂർവ്വ ജനനം നടന്നത്.
2013-ൽ വനം വകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് ഇവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഇതിനുശേഷം 2014-ൽ ‘സോന’ എന്ന പേരുള്ള ഒരു പെൺകുഞ്ഞ് ഇവർക്ക് ജനിച്ചിരുന്നു.
ആ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് പിറക്കുന്നത്.
പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ് കരിങ്കുരങ്ങുകൾ. ഇവയുടെ പ്രജനനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
പൊതുവേ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ഇവയുടെ ഇണചേരൽ പ്രക്രിയ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. കൃത്യമായ പരിചരണവും അനുകൂലമായ സാഹചര്യങ്ങളും ഒരുക്കിയതിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്ന് അധികൃതർ വിലയിരുത്തുന്നു.
നിലവിൽ അമ്മയെയും കുഞ്ഞിനെയും സുരക്ഷ മുൻനിർത്തി പ്രത്യേകം സജ്ജമാക്കിയ ‘നഴ്സറി’ കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും മൃഗശാല അധികൃതർ അറിയിച്ചു.
ഒരു മാസത്തോളം നീളുന്ന സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം മാത്രമേ സന്ദർശകർക്ക് കാണാൻ സാധിക്കുന്ന രീതിയിലുള്ള തുറന്ന കൂട്ടിലേക്ക് ഇവരെ മാറ്റുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

