ആഗോളതലത്തിൽ വാസ്തുവിദ്യാരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നായ വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവൽ 2026-ലേക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ആർക്കിടെക്റ്റ് സംഘങ്ങളുടെ രൂപകൽപ്പനകൾ തിരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മത്സരവിഭാഗങ്ങളിലാണ് മലയാളി സാന്നിധ്യം ഇക്കുറി ഉണ്ടാകുന്നത്. ചേവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മാജിക് ലൈൻ സ്റ്റുഡിയോയിലെ അശ്വിൻ വാസുദേവൻ, രാധികാ സുകുമാർ എന്നിവർ രൂപകൽപന ചെയ്ത ‘സോയിൽ സ്റ്റോറീസ് പവലിയൻ’, ചെറുകുളത്ത് പ്രവർത്തിക്കുന്ന അസ്ലം.ഷാം ആർക്കിടെക്റ്റ്സ് സാരഥികളായ ഷാം സലീം, അസ്ലം കാരാടൻ എന്നിവർ ഒരുക്കിയ ‘അയന’ റിസോർട്ട് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചത്.
കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിൽ സ്ഥിതി ചെയ്യുന്ന ‘സോയിൽ സ്റ്റോറീസ്’ പ്രകൃതി സൗഹൃദപരമായ നിർമിതിയാണ്. ചെസ് അക്കാദമിയും കമ്യൂണിറ്റി ഇവന്റ് സ്പെയ്സും ഉൾപ്പെടുന്ന ഈ പദ്ധതി 2025-ലാണ് പൂർത്തിയായത്.
പ്രകൃതിയുമായുള്ള ഇഴുകിച്ചേരൽ ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. കോയമ്പത്തൂരിന് സമീപം ഷോളയൂരിൽ സ്ഥിതി ചെയ്യുന്ന ‘അയന’ റിസോർട്ട്, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധം ഭൂമിയിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു ഭവന സങ്കൽപത്തെയാണ് ഓർമിപ്പിക്കുന്നത്.
2026 നവംബർ 18 മുതൽ 20 വരെ അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഫോർട്ട് ലോഡർഡേലിലാണ് വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവൽ അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള മികച്ച വാസ്തുശിൽപ മാതൃകകൾക്കൊപ്പം മത്സരിക്കാൻ ഈ മലയാളി നിർമിതികൾക്കും അവസരം ലഭിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

