കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തി. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ സീലിംഗ് അടർന്നു വീഴുന്ന അവസ്ഥയിലാണ്.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ തകരാറും കുടിവെള്ള പൈപ്പുകൾക്കുണ്ടായ കേടുപാടുകളും കെട്ടിടത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യുകയാണ്. നിർമ്മാണ കമ്പനിയായ ഹൈറ്റ്സിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ ഔദ്യോഗികമായി കത്തുനൽകി.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരും, ആശുപത്രി അധികൃതരും, നിർമ്മാണക്കമ്പനി പ്രതിനിധികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പോരായ്മകൾ സ്ഥിരീകരിച്ചത്. ഫെബ്രുവരി മാസത്തിൽ ഉദ്ഘാടനം നിർവഹിച്ചുവെങ്കിലും, നിർമ്മാണത്തിലെ അപാകതകൾ നിലനിൽക്കുന്നതിനാൽ കെട്ടിടം പൂർണ്ണമായി ആശുപത്രിക്ക് കൈമാറാൻ കമ്പനി തയ്യാറായിട്ടില്ല.
എല്ലാ തകരാറുകളും പരിഹരിച്ച ശേഷം മാത്രമേ കെട്ടിടം ഏറ്റെടുക്കുകയുള്ളൂവെന്ന കർശന നിലപാടിലാണ് ആശുപത്രി ഭരണസമിതി. ഇതിനിടയിൽ, ആശുപത്രിയിലെ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം തടസ്സപ്പെട്ടത് രോഗികൾക്കും ജീവനക്കാർക്കും വലിയ ദുരിതമായിട്ടുണ്ട്.
പഴയ സർജിക്കൽ കെട്ടിടം പൊളിച്ചതിനെ തുടർന്ന് എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. നിലവിൽ ഇന്റർകോം സൗകര്യം മാത്രമാണ് ലഭ്യമാകുന്നത്.
പുറത്തുനിന്നുള്ള കോളുകൾ വിവിധ വിഭാഗങ്ങളിലേക്ക് കണക്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് അഞ്ചു നിലകളിൽ കൂടി വരുംദിവസങ്ങളിൽ പരിശോധന നടത്തും.
അതിനിടെ, അത്യാഹിത വിഭാഗത്തിൽ ലാബ് കളക്ഷൻ കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) പുനഃസംഘടനയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

