ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിന് സുഗമമായി കടന്നുപോകാൻ സ്വന്തം സുരക്ഷ പോലും അവഗണിച്ച് വഴിയൊരുക്കിയ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
ജയ്പൂർ സ്വദേശിയായ അഭിമന്യു ജെയിൻ ആണ് തിരക്കേറിയ നിരത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തി പ്രശംസ പിടിച്ചുപറ്റിയത്. തന്റെ ബൈക്ക് യാത്രയ്ക്കിടെ പിന്നിൽ നിന്നും സൈറൺ മുഴക്കി എത്തിയ ആംബുലൻസ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഭിമന്യു അടിയന്തരമായി ഇടപെടാൻ തീരുമാനിച്ചത്.
ആംബുലൻസിന് തടസ്സമുണ്ടാകാതിരിക്കാൻ വാഹനത്തിന് മുന്നിലായി ബൈക്ക് ഓടിച്ച ഇദ്ദേഹം, ട്രാഫിക് സിഗ്നലുകളിലും തിരക്കേറിയ ജംഗ്ഷനുകളിലും മുൻകൈയെടുത്ത് മറ്റ് വാഹനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. സിഗ്നൽ ചുവപ്പിലേക്ക് മാറാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ, മറ്റ് വാഹനങ്ങളെ തടഞ്ഞുനിർത്തി ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ഒരു ഘട്ടത്തിൽ ആംബുലൻസിന് തടസ്സമായി നിന്ന ഇ-റിക്ഷാ ഡ്രൈവറോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതും, വൺവേ തെറ്റിച്ച് ബൈക്ക് ഓടിച്ച് ആംബുലൻസിന് മുന്നിൽ വഴികാട്ടിയതും ഈ യുവാവായിരുന്നു. “തന്റെ ഈ ചെറിയ ഇടപെടൽ ഒരുപക്ഷേ ഒരു ജീവൻ രക്ഷിച്ചേക്കാമെന്ന ചിന്തയിലാണ് അപ്പോൾ അങ്ങനെ ചെയ്തതെന്ന്” അഭിമന്യു വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിലൂടെ ഇദ്ദേഹം പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തം സുരക്ഷ പണയം വെച്ച യുവാവിന്റെ ധീരമായ നടപടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

