മധ്യപ്രദേശിലെ ജബൽപുരിലുള്ള സെയ്ന്റ് അലോഷ്യസ് സ്കൂളിൽ വിഎച്ച്പി, ബജ്റങ്ദൾ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും സ്കൂൾ അടിച്ചുതകർക്കുകയും ചെയ്തു. സ്കൂൾ അധികൃതർ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇത് പിന്നീട് അക്രമാസക്തമായ സാഹചര്യത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സ്കൂളിലെ മുൻ ജീവനക്കാരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്.
സ്കൂളിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കാൻ താൻ നിരന്തരം നിർബന്ധിതനായെന്നും, മതം മാറാൻ കടുത്ത സമ്മർദം നേരിടേണ്ടി വന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ സ്കൂൾ അധികൃതർ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും ഇദ്ദേഹം ആരോപിക്കുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് വിഎച്ച്പിയും ബജ്റങ്ദളും വിഷയം ഏറ്റെടുത്ത് സ്കൂളിലേക്ക് മാർച്ച് നടത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
ക്രമസമാധാന നില കണക്കിലെടുത്ത് സ്കൂളിൽ നിലവിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
സ്കൂൾ ആക്രമണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ ഉടൻ തന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

