കർണാടകയിലെ ധാർവാഡിൽ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നടുക്കുന്ന കൊലപാതകം. ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ.
കിരൺ ഹൊനണ്ണവർ (45) ആണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരനായ മകൻ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഹുബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ, സംഭവസമയത്ത് പുറത്തുനിന്നാരും ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന.
കൊലപാതകം നടന്ന സമയത്ത് ഫ്ലാറ്റിൽ ഡോ. കിരൺ, ഡോ.
പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുടുംബവഴക്കാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുക്കൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോ.
കിരൺ വിശ്രമത്തിലാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് ഡോ. പ്രിയങ്ക പലതവണ ഒഴിഞ്ഞുമാറിയതായി ബന്ധുക്കൾ ആരോപിക്കുന്നു.
വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതെ വന്നതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെയും കണ്ടെത്തുകയായിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക നൽകുന്ന മൊഴികൾ പരസ്പരവിരുദ്ധമാണെന്ന് പൊലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതോടെ കൊലപാതകം നടന്ന സമയം ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്ന് സബർബൻ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

