പൊന്മുടി സംസ്ഥാന ഹൈവേയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ അധികൃതരുടെ തീരുമാനം. ഹൈവേയിലെ ആറ്, ഇരുപത്തിരണ്ട് ഹെയർപിൻ വളവുകളിൽ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കാൻ ആർഡിഒ ജയകുമാർ നേതൃത്വം നൽകിയ വിദഗ്ധ സംഘം നിർദ്ദേശം നൽകി.
സംഘത്തിന്റെ പരിശോധനയിൽ ഇരുപത്തിരണ്ടാം വളവിലെ റോഡിന്റെ വശങ്ങൾ അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ കോൺക്രീറ്റ് ഭിത്തി കെട്ടുന്നത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
കൂടാതെ, ആറാം വളവിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മഴക്കാലത്തിന് ശേഷം റോഡിന്റെ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിൽ ടാറിങ് നടത്താനും ധാരണയായിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്ന രീതിയിൽ റോഡ് വശങ്ങളിൽ കാടുപിടിച്ചു കിടക്കുന്നതും ഓടകൾ അടഞ്ഞു കിടക്കുന്നതും നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനം വകുപ്പ്, പൊലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന വരും രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തുമെന്ന് ആർഡിഒ അറിയിച്ചു.
ആർഡിഒയ്ക്കു പുറമെ കെഎസ്ആർടിസി, കെഎസ്ടിപി, വനം വകുപ്പ്, പൊലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

