ഉത്തർപ്രദേശിലെ ഗാസിയാബാദ് ബാപുഥം മേഖലയിൽ പിങ്ക് പൊലീസ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ യുവാവ് ദാരുണമായി മരിച്ചു. ബിഹാർ സ്വദേശിയും കാർ മെക്കാനിക്കുമായ രാജ്കുമാർ (22) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച നടന്ന സംഭവത്തിൽ, പരിക്കേറ്റ യുവാവിനെ സഹായിക്കാൻ ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാർ തയ്യാറായില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: ഓട്ടോ ചാർജിനെച്ചൊല്ലി ഓട്ടോഡ്രൈവറുമായി രാജ്കുമാർ തർക്കത്തിലേർപ്പെട്ടിരുന്നു.
20 രൂപയുടെ തർക്കമായിരുന്നു ഇതിന് കാരണം. ഇരുവരും മദ്യലഹരിയിലായിരുന്നു.
പ്രശ്നപരിഹാരത്തിനായി ഇരുവരും സമീപത്തെ പിങ്ക് പൊലീസ് ബൂത്തിലെത്തി. എന്നാൽ, ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാർ പരാതി കേൾക്കാനോ പുറത്തിറങ്ങാനോ തയ്യാറായില്ലെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു.
പൊലീസിന്റെ നിസ്സംഗതയിൽ പ്രകോപിതനായ രാജ്കുമാർ ബഹളം വെക്കുകയും ബൂത്തിന്റെ ചില്ല് വാതിലിൽ ശക്തമായി ഇടിക്കുകയും ചെയ്തു. തകർന്ന ചില്ലുകൾ കൊണ്ട് രാജ്കുമാറിന്റെ കൈയിൽ ഗുരുതരമായി പരിക്കേറ്റു.
കനത്ത രക്തസ്രാവമുണ്ടായിട്ടും ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ വാതിൽ തുറക്കാനോ സഹായം നൽകാനോ തയ്യാറായില്ല. ഇതിനിടെ യുവാവ് ബോധരഹിതനായി താഴെ വീണു.
സ്ഥലത്തുണ്ടായിരുന്ന കച്ചവടക്കാരൻ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തി. അരമണിക്കൂറിലേറെ വൈകിയാണ് ആംബുലൻസ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എട്ടുമാസം ഗർഭിണിയാണ് മരിച്ച രാജ്കുമാറിന്റെ ഭാര്യ.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

