ഇന്ത്യയിലെ ഏറ്റവും വലിയ ആണവോർജ്ജ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്.
റഷ്യൻ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാന്റിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് ഈ വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് സേവനം ഉപയോഗപ്പെടുത്തിയ ഡേറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ആകെ ചോർന്ന 8,58,000 ഫയലുകളിൽ 19,000 എണ്ണവും അതീവ പ്രാധാന്യമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
2016 മുതൽ 2025 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ചോർന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. ആണവനിലയത്തിന്റെ ബ്ലൂപ്രിന്റുകൾ, ഉപകരണങ്ങളുടെ വിശദമായ അവലോകനങ്ങൾ, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ, വിവിധ യോഗങ്ങളുടെയും പരിശോധനകളുടെയും റിപ്പോർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ വിഷയത്തിൽ പ്രതികരിച്ച റിലയൻസ് അധികൃതർ, ഇന്ത്യൻ ഡേറ്റാ സെന്റർ സേവന ദാതാവായ ‘യോട്ട’ ഹോസ്റ്റ് ചെയ്ത സെർവറിൽ നിന്ന് തങ്ങളുടെ ഡേറ്റ ഭാഗികമായി ചോർന്നതായി സ്ഥിരീകരിച്ചു. ഇക്കാര്യം ബന്ധപ്പെട്ട
സർക്കാർ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ചോർന്ന ഫയലുകളിൽ ഏതൊക്കെയാണെന്നത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയ്യാറായില്ല. നിലവിൽ 1000 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളാണ് കൂടംകുളത്ത് പ്രവർത്തിക്കുന്നത്.
2027-ഓടെ നാല് അധിക യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലെ ആദ്യത്തെ രണ്ട് യൂണിറ്റുകളുടെ നിർമ്മാണച്ചുമതല റിലയൻസ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനാണ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ ‘ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം’ (CERT-In) വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

