കോഴിക്കോട് നഗരത്തിലെ അഗ്നിരക്ഷാ സേനയുടെ ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് പൂർണമായി മാറ്റിയ സാഹചര്യത്തിൽ, നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം നിർമാണം പൂർത്തിയാകും വരെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ ഒരിടത്ത് വാഹനങ്ങളും ജീവനക്കാരും ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനം സജ്ജീകരിക്കാനാണ് നിർദേശം.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ ജില്ലാ കലക്ടർക്കും കോർപറേഷൻ സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. എസ്.എം സ്ട്രീറ്റ്, കോർട്ട് റോഡ്, എം.ജി റോഡ്, പാളയം തുടങ്ങിയ ജനസാന്ദ്രതയേറിയതും വ്യാപാരസ്ഥാപനങ്ങൾ ഏറെയുള്ളതുമായ പ്രദേശങ്ങളിൽ തീപിടിത്തം, പഴയ കെട്ടിടങ്ങൾ തകർന്നു വീഴുക, വാഹനാപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ആവർത്തിക്കുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
നഗരമധ്യത്തിൽ കാര്യക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കമ്മിഷൻ വിലയിരുത്തുന്നു. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ സംരക്ഷിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടം ബാധ്യസ്ഥമാണെന്നും, അതിനാൽ അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

