സ്വർണ്ണവില പവന് 3,000 രൂപയായിരുന്ന കാലത്ത് പൊലീസ് പിടിച്ചെടുത്ത 130 പവൻ സ്വർണം, വില ഒരു ലക്ഷം കടന്നിട്ടും ഇപ്പോഴും കോടതികളുടെ കസ്റ്റഡിയിൽ തന്നെ തുടരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന മോഷണങ്ങളിൽ ഇരകളായവരും അവരുടെ കുടുംബാംഗങ്ങളും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ്.
നീണ്ട കാത്തിരിപ്പിനൊടുവിൽ മനംമടുത്ത് പലരും അധികൃതരെ സമീപിക്കുന്നത് നിർത്തിവെച്ചു.
വിചാരണ നടപടികൾ പൂർത്തിയാക്കാതെ കേസ് അനിശ്ചിതമായി നീളുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. 1990-കളുടെ തുടക്കത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംഘം കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ നടത്തിയ മോഷണങ്ങളിലൂടെയാണ് ഈ സ്വർണം കവർന്നത്.
1995 മാർച്ച് 8-ന് കൊഴിഞ്ഞാമ്പാറ മൂങ്കിൽമടയിൽ വെച്ച് പ്രതികളെ പിടികൂടിയതോടെയാണ് കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. ചോദ്യം ചെയ്യലിൽ പ്രതികൾ മോഷണം സമ്മതിക്കുകയും, പൊലീസ് പലയിടങ്ങളിൽ നിന്നായി 134 പവൻ സ്വർണം വീണ്ടെടുക്കുകയും ചെയ്തു.
പല പരാതിക്കാരും നീതിക്കായി സ്റ്റേഷനുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കെ.ഷെയ്ഫുദ്ദീൻ (കൊഴിഞ്ഞാമ്പാറ), ശിവദാസൻ (കൊല്ലങ്കോട്) തുടങ്ങിയവർ തങ്ങളുടെ നഷ്ടപ്പെട്ട
സ്വർണം തിരികെ ലഭിക്കാനായി പലതവണ പൊലീസിനെ സമീപിച്ചെങ്കിലും ‘സ്വർണം കോടതിയിലാണ്’ എന്ന മറുപടിയാണ് ലഭിച്ചത്. കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും വിരമിച്ചതോടെ പരാതിക്കാർക്ക് തുടർവിവരങ്ങൾ പോലും ലഭ്യമല്ലാതായി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളാണ് ഈ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ചിറ്റൂർ (10), കൊല്ലങ്കോട് (8), കൊഴിഞ്ഞാമ്പാറ, ടൗൺ സൗത്ത്, ഹേമാംബിക നഗർ (4 വീതം), പുതുനഗരം, കസബ, നെന്മാറ (2 വീതം), മലമ്പുഴ (3), വാളയാർ, മങ്കര, ആലത്തൂർ, കുഴൽമന്ദം (ഒന്നു വീതം) എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.
കൊഴിഞ്ഞാമ്പാറ പൊലീസ് അന്ന് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികൾ ചിറ്റൂർ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങിയതോടെ വിചാരണ അനിശ്ചിതത്വത്തിലായി.
പ്രതികൾ ജീവിച്ചിരിപ്പുണ്ടോ എന്നത് പോലും വ്യക്തമല്ലെന്ന് അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ട. എസ്ഐ ആർ.രാധാകൃഷ്ണൻ വ്യക്തമാക്കി.
നിലവിൽ ചിറ്റൂർ കോടതിയിൽ 22 കേസുകളിലും, പാലക്കാട് കോടതിയിൽ 29 കേസുകളിലും, ആലത്തൂരിൽ 3 കേസുകളിലുമായി ഏകദേശം ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കെട്ടിക്കിടക്കുകയാണ്. വിചാരണ പൂർത്തിയാകാത്തതിനാൽ കേസ് സാങ്കേതികമായി നിലനിൽക്കുകയാണ്.
എങ്കിലും, ചില പരാതിക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി ഉപാധികളോടെ തങ്ങളുടെ സ്വർണം തിരികെ വാങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

