കൊച്ചിയിലെ കതൃക്കടവ് മേഖലയിൽ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദനമേറ്റു.
വടുതല കാവുംപറത്തുകുടി വീട്ടിൽ സിജോ ചന്ദ്രൻ ആണ് മർദനത്തിനിരയായത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ കലൂർ ഫ്രീഡം റോഡ് ചെട്ടിപറമ്പിൽ ലെയിനിലുള്ള വീട്ടിലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് സിജോ നൽകിയ പരാതിയിൽ കൊല്ലം സ്വദേശിയായ ഷാജഹാൻ തന്നെ ക്രൂരമായി മർദിച്ചതായി ആരോപിക്കുന്നു. മാലിന്യ ശേഖരണത്തിനുള്ള നിശ്ചിത തുകയായ 200 രൂപ ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സിജോയും ഭാര്യ കൗസല്യയും ചേർന്നാണ് പണം പിരിക്കുന്നതിനായി ചെട്ടിപറമ്പിലെത്തിയത്. താഴത്തെ നിലയിൽ താമസിക്കുന്നവർ പണം നൽകാൻ വൈകിയതിനെത്തുടർന്ന് കൗസല്യ പലതവണ ആവശ്യപ്പെടുകയും, ഒടുവിൽ തുക ലഭിക്കുകയും ചെയ്തു.
ഇവർ മടങ്ങാൻ ശ്രമിക്കുന്നതിനിടെ മുകൾനിലയിൽ താമസിക്കുന്ന ഷാജഹാൻ പ്രകോപിതനായി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് സിജോ പറയുന്നു. മുഖത്തും ശരീരത്തും മർദിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തതായാണ് ആരോപണം.
നാട്ടുകാർ ഇടപെട്ടാണ് മർദനം തടഞ്ഞത്. പരിക്കേറ്റ സിജോ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മറുഭാഗത്ത്, സിജോയ്ക്കും ഭാര്യയ്ക്കുമെതിരെ ഷാജഹാന്റെ മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഷാജഹാൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാഥമികാന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി. ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

