പരിസ്ഥിതി – വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക്ക് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ ഇക്കാര്യം സ്ഥിരീകരിച്ചു. സമരത്തിന്റെ തുടക്കം മുതൽ ഇതുവരെ സോനം വാങ്ചുക്കിന്റെ ശരീരഭാരത്തിൽ 8.5 കിലോ കുറവുണ്ടായതായി അഭിജീത് ദീപ്കെ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പേശീബലം ക്രമാതീതമായി കുറയുന്നതായും കടുത്ത ശാരീരിക അസ്വസ്ഥതകളും വേദനയും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ ആരോഗ്യ പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തസമ്മർദം 109/70 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇത് 107/70 എന്ന നിലയിലായിരുന്നു. താൻ സമരപ്പന്തലിൽ എത്തി നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചപ്പോൾ സോനം വാങ്ചുക്ക് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘എന്നോട് സമരം അവസാനിപ്പിക്കാൻ പറയരുത്.
എന്തുകൊണ്ടാണ് സർക്കാർ ഒരു ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതെന്ന് അവരോട് ചോദിക്കൂ’’. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മൗനം ഒഴിവാക്കണമെന്നും ഈ സാഹചര്യത്തെ സർക്കാരിന്റെ ഈഗോയ്ക്കുള്ള വേദിയാക്കി മാറ്റരുതെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സിജെപി നടത്തുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ശക്തമായ പിന്തുണയാണ് സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സർക്കാരിനു യുവാക്കളുടെ ജീവനിൽ വിലയില്ലെങ്കിലും രാജ്യത്തിന് അദ്ദേഹത്തിന്റെ ജീവൻ പ്രധാനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച മുൻ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിലുള്ള എഎപി സംഘം സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.
കൂടാതെ, സിപിഎം, സിപിഐ നേതാക്കളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ജൂലൈ 20-ന് ജന്തർ മന്തറിൽനിന്നും പാർലമെന്റിലേക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമാധാനപരമായ മാർച്ചിന് ഇടതുപക്ഷ നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

