സംസ്ഥാനത്ത് വിവാദമായ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്.
കേസിൽ നിർണ്ണായകമായ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്ക് ഔദ്യോഗികമായി കത്ത് നൽകി. അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് പിഎസ്സിക്ക് കത്ത് കൈമാറിയത്.
ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ, ഉത്തരസൂചിക, പരീക്ഷാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ് വിശദാംശങ്ങൾ എന്നിവയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് നൽകിയ കത്ത് പിഎസ്സി സെക്രട്ടറിക്ക് കൈമാറി. നേരത്തെ, ആസൂത്രണ ബോർഡിലെ പരീക്ഷയിൽ പങ്കെടുത്ത നാല് ഉദ്യോഗാർത്ഥികളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം പിഎസ്സിയിൽ നിന്ന് നേടിയ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകൾ തെളിവായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തിൽ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം, പിഎസ്സി ചെയർമാൻ എംആർ ബൈജു എന്നിവരുമായി ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷമാണ് രേഖകൾ ആവശ്യപ്പെടാൻ തീരുമാനിച്ചത്. രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുനൽകുന്നതിലെ പിഎസ്സിയുടെ നയം പരിശോധിച്ച ശേഷമാണ് നടപടി.
ചോദ്യകർത്താക്കളുടെ വിവരങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ല. ആസൂത്രണ ബോർഡിലെ നിയമനത്തിന് പുറമേ, മറ്റ് പത്ത് വകുപ്പുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ചിന് പരാതികൾ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

