കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ പുതിയ തേയില, കാപ്പിപ്പൊടി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ വനംവകുപ്പ് ഒരുങ്ങുന്നു. ഇതിനായി പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ.
വനംമന്ത്രി ഷിബു ബേബിജോൺ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റായി നിർദ്ദേശങ്ങൾ സമർപ്പിക്കാം.
നാളെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് ആകർഷകമായ കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.
വരും രണ്ട് മാസത്തിനുള്ളിൽ പുതിയ ബ്രാൻഡ് വിപണിയിലെത്തിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. നിലവിൽ കെഎഫ്ഡിസിയുടെ ഉൽപന്നങ്ങൾ ‘വനോപഹാർ’ എന്ന പേരിലാണ് വിപണിയിലുള്ളത്.
നേരത്തെ കാപ്പിപ്പൊടി ലഭ്യമാണെങ്കിലും, കെഎഫ്ഡിസി ആദ്യമായാണ് തേയില വിപണിയിലേക്ക് ചുവടുവെക്കുന്നത്. വയനാട് മാനന്തവാടിയിലുള്ള കോർപറേഷൻ തോട്ടത്തിൽ നിന്നുള്ള തേയിലയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
തേയില സംസ്കരിക്കുന്നതിനായി സ്വന്തമായി ഫാക്ടറി സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ഏജൻസികളുടെ സേവനം തേടാനാണ് തീരുമാനം. അതേസമയം, നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ നിന്നുള്ള കാപ്പിക്കുരു സംസ്കരിച്ച് പൊടിക്കുന്നതിനായി മൂന്നാറിൽ വനംവകുപ്പിന് സ്വന്തമായി ഫാക്ടറിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

