യുഎഇയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52 വയസ്സുകാരനായ സുനിൽ കുമാർ സദാശിവൻ ലോട്ടറി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ദി യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിൽ 30 മില്യൺ ദിർഹമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
ഈ ലോട്ടറിയുടെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയി കൂടിയാണ് ഇദ്ദേഹം. തന്റെ ജീവിതത്തിലെ നിർണ്ണായകമായ മൂന്ന് തീയതികൾ കോർത്തിണക്കിയാണ് സുനിൽ കുമാർ ടിക്കറ്റ് തിരഞ്ഞെടുത്തത്.
ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “എനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികളെടുത്തുകൂടെ എന്നാണ് ആലോചിച്ചത്.
ആദ്യം മകളുടെ പിറന്നാൾ തീയതി, പിന്നെ എന്റേത്. പിന്നെ എന്റെ ഭാര്യയുടേയും.” ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
മുൻപ് എടുത്ത ടിക്കറ്റിലൂടെ 100 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ഇത്തവണയും ഭാഗ്യപരീക്ഷണത്തിന് മുതിർന്നത്.
ജോലി കഴിഞ്ഞു മുറിയിൽ വിശ്രമിക്കുമ്പോഴാണ് സുനിൽ കുമാർ വിജയിയായ വിവരം അറിയുന്നത്. “രാത്രി 9.45 ആയപ്പോഴാണ് ഫോൺ നോക്കിയത്.
ചെറിയ സമ്മാനമേ പ്രതീക്ഷിച്ചുള്ളൂ. നമ്പറുകൾ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി,” അദ്ദേഹം ഓർക്കുന്നു.
സുഹൃത്തിനെ കാണിച്ചു ഉറപ്പുവരുത്തിയതിന് ശേഷം ഭാര്യയെ വിളിച്ച് വിവരം പങ്കുവെച്ചു. “എന്റെ ഭാര്യക്ക് വലിയ ആഗ്രഹങ്ങളില്ല.
അവൾക്ക് ഒരു സാധാരണ ജീവിതം ജീവിക്കണമെന്നേയുള്ളൂ. ഇത്ര വലിയ തുക ലഭിച്ചപ്പോൾ അവൾ ചോദിച്ചു, ‘നമ്മൾ ഇനി എന്ത് ചെയ്യും?’ ഞങ്ങളുടേത് സാധാരണ കുടുംബമാണ്.
ബാക്കിയുള്ളവരെ സഹായിക്കാൻ ശ്രമിക്കും.”
മകളുടെ ഭാവിസ്വപ്നങ്ങൾ
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച ഏഴ് വയസ്സുള്ള മകളെ ഡോക്ടറാക്കുക എന്നതാണ് സുനിൽ കുമാറിന്റെ ഏറ്റവും വലിയ സ്വപ്നം. മകളുടെ പിറന്നാൾ തീയതിയിലൂടെ ലഭിച്ച ഈ വലിയ വിജയം ആ സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കുമെന്ന സന്തോഷത്തിലാണ് അദ്ദേഹം.
സമ്മാനത്തുക ഉപയോഗിച്ച് അപൂർണ്ണമായ വീടിന്റെ പണി പൂർത്തിയാക്കാനും, ഭവനരഹിതരായവർക്ക് സഹായം എത്തിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. “ഞാൻ ചെറുപ്പം മുതലേ ജോലി ചെയ്യുന്നതാണ്.
ഇനി എനിക്കൽപ്പം വിശ്രമിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ബുധൻ, ശനി ദിവസങ്ങളിലായാണ് ദി യു.എ.ഇ ലോട്ടറിയുടെ നറുക്കെടുപ്പുകൾ നടക്കുന്നത്.
30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന് പുറമെ 5 മില്യൺ ദിർഹം രണ്ടാം സമ്മാനവും, മൂന്ന് പേർക്കായി 50,000 ദിർഹം ലക്കി ചാൻസസ് സമ്മാനങ്ങളും ഇവർ നൽകുന്നുണ്ട്. ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ സുതാര്യമായാണ് ലോട്ടറി നടപടികൾ പൂർത്തിയാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

