ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്നുവയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം നാട്ടുപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമം. ജൂലായ് 11-നാണ് ഗ്രാമത്തിൽ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
കുട്ടിയുടെ അമ്മ നൽകിയ പരാതി പരിഗണിക്കുന്നതിന് പകരം, പ്രതിക്ക് പിഴ ചുമത്തി കേസ് അവസാനിപ്പിക്കാനാണ് നാട്ടുപഞ്ചായത്ത് തീരുമാനിച്ചത്. പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്ന തരത്തിലായിരുന്നു നാട്ടുപഞ്ചായത്തിന്റെ വിചിത്രമായ ഉത്തരവ്.
ആകെ ഒരു ലക്ഷം രൂപ പിഴയായി ഈടാക്കണമെന്നും, അതിൽ 20,000 രൂപ അടിയന്തരമായി നൽകണമെന്നും പഞ്ചായത്ത് നിർദ്ദേശിച്ചു. ഈ തുക ഉപയോഗിച്ച് ഗ്രാമത്തിൽ സദ്യ നടത്താനാണ് ഇവർ ആവശ്യപ്പെട്ടത്.
ബാക്കി തുക മാത്രം കുട്ടിയുടെ കുടുംബത്തിന് നൽകിയാൽ മതിയെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. കുട്ടിയുടെ അമ്മയുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും പഞ്ചായത്ത് ഭരണാധികാരികൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
എന്നാൽ, സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു.
പീഡനത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും, കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

