വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മത്സ്യലഭ്യതയിൽ വൻ വർധനവ്.
ഇന്നലെ പുലർച്ചെ മുതൽ തുറമുഖത്തേക്ക് നത്തോലി വള്ളങ്ങളുടെ വലിയ നിരയാണ് എത്തിയത്. നത്തോലിക്ക് പുറമെ മരപ്പാൻ ക്ലാത്തി, കണവ തുടങ്ങിയ മത്സ്യങ്ങളും വൻതോതിൽ ലഭിച്ചു.
ഫിഷ് ലാൻഡിങ് സെന്ററുകളിൽ രാവിലെ മുതൽ മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മത്സ്യവുമായി എത്തിയ വള്ളങ്ങൾ തീരത്തണയാൻ നീണ്ട
നിരയിൽ കാത്തുനിൽക്കേണ്ടി വന്നു. തീരമേഖലയിൽ ഏറെ നാളായി തുടരുന്ന നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഈ സീസൺ വരവ്.
ലഭ്യമായ മത്സ്യങ്ങളിൽ ഭൂരിഭാഗവും പ്രാദേശിക വിപണികളിലേക്കും തമിഴ്നാട്ടിലേക്കുമാണ് വിതരണത്തിനായി അയച്ചത്. ഇതിനുപുറമെ, കയറ്റുമതി വിപണിയിൽ പ്രിയമുള്ള മരപ്പാൻ ക്ലാത്തിയും കണവയും മികച്ച അളവിൽ ലഭിച്ചത് തൊഴിലാളികൾക്ക് നേട്ടമായി.
സാമാന്യം നല്ല വലിപ്പമുള്ള മത്സ്യങ്ങളായതിനാൽ ഇവ നേരിട്ട് കയറ്റുമതി കേന്ദ്രങ്ങളിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ മാസം സീസൺ ആരംഭിച്ചെങ്കിലും മത്സ്യലഭ്യത കുറവായതിനാൽ തീരത്ത് കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
ഇപ്പോൾ ലഭിക്കുന്ന വലിയ തോതിലുള്ള മത്സ്യവരവ് മേഖലയിൽ സാമ്പത്തിക ഉണർവിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

