സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐകകണ്ഠേനയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
പാർട്ടി സംവിധാനത്തിൽ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുകയല്ല, മറിച്ച് ജനാധിപത്യപരമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കണ്ണൂരിലും ഇതേ കീഴ്വഴക്കം പിന്തുടർന്ന് ഐകകണ്ഠേനയാണ് പുതിയ സെക്രട്ടറിയെ നിശ്ചയിച്ചത്.
വസ്തുതകൾ ഇതായിരിക്കെ, പാർട്ടി സംഘടനാ രീതികളെയും നടപടികളെയും അവഹേളിക്കുന്ന തരത്തിൽ ബോധപൂർവ്വം നിർമ്മിത കഥകൾ പ്രചരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങൾ ചെയ്യുന്നത് എന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. എം എ ബേബിക്ക് പരാതി ലഭിച്ചെന്ന തരത്തിൽ വരുന്ന വാർത്തകളിൽ പരാതിക്കാർ ആരാണെന്നോ, ആർക്കാണ് പരാതി നൽകിയത് എന്നോ വ്യക്തമാക്കുന്നില്ല.
അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ പ്രചാരണങ്ങൾ പാർട്ടിക്ക് പുറത്തുനിന്നുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കെ കെ രാഗേഷ് ജില്ലാ കമ്മിറ്റി അംഗമല്ലെന്ന ആരോപണത്തിനും നേതൃത്വം മറുപടി നൽകി.
മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിലാണ് അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് സംസ്ഥാന നേതൃത്വം ഇതിനോടകം വിശദീകരിച്ചിട്ടുള്ള കാര്യമാണ്. സോഷ്യൽ മീഡിയയിൽ കെ കെ രാഗേഷിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും ജില്ലാ സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
പാർട്ടി പ്രവർത്തകർ എന്ന വ്യാജേന വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് പാർട്ടി ശത്രുക്കൾ നടത്തുന്ന സൈബർ ബുള്ളിയിങ്ങിനെയാണ്, ജില്ലാ സെക്രട്ടറിക്കെതിരെ പ്രവർത്തകർ രംഗത്തെത്തി എന്ന മട്ടിൽ തെറ്റായി ചിത്രീകരിക്കുന്നത്. ധനരാജിനെ അനുസ്മരിച്ച് പങ്കുവെച്ച കുറിപ്പിന് താഴെയുണ്ടായ പ്രതികരണങ്ങൾ ഉൾപ്പെടെ ഇത്തരം ആസൂത്രിത ഇടപെടലുകളുടെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

