പാലക്കാട്: പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ രംഗത്ത്. വിഷയത്തിൽ കെടി ജലീൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നടപടി ഒട്ടും ശരിയായില്ലെന്നും കുട്ടികളെ കരുവാക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾ പരിഹസിക്കപ്പെട്ട
സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജലീൽ തന്നെ മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠന നിലവാരം കുറഞ്ഞതുമായി ബന്ധപ്പെട്ട
വിഷയത്തിൽ മുൻ മന്ത്രി കൂടിയായ കെടി ജലീൽ തന്നെ മറുപടി നൽകട്ടെ എന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു.
കുട്ടികളെ പരസ്യമായി ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി ഭരണം നടത്തിയ ഇടതുപക്ഷ സർക്കാരും അക്കാലത്ത് മന്ത്രിയായിരുന്ന കെടി ജലീലുമാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നടപടികൾ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, മലപ്പുറത്ത് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രസ്തുത അധ്യാപകന് ചില മാനസിക പ്രയാസങ്ങൾ ഉള്ളതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

