ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് (25), ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിനി ഇഷാര അയൂബി (25) എന്നിവരാണ് മരിച്ചത്.
ഇരുവരും ഗുരുഗ്രാമിലെ ഒരേ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇഷാര അയൂബിയെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ഓഫീസിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഫോൺ ലൊക്കേഷൻ ഗുരുഗ്രാം സെക്ടർ-55-ലെ ശ്രേഷ്ഠ് മാലിക് താമസിക്കുന്ന സ്ഥലത്താണെന്ന് കണ്ടെത്തി.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.
വാതിൽ പൊളിച്ച് അകത്തുകയറിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ ഇഷാര അയൂബിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു.
ഇതേസമയം, ഗർഹി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്ത വിവരം റെയിൽവേ പൊലീസിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. ട്രാക്കിൽ നിന്നും കണ്ടെത്തിയ മൃതദേഹം ട്രെയിൻ തട്ടി രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു.
സംഭവത്തിന് മൂന്നുദിവസം മുൻപാണ് ഇഷാര അയൂബി, ശ്രേഷ്ഠ് മാലിക് താമസിക്കുന്ന പേയിങ് ഗസ്റ്റ് മുറിയിലേക്ക് താമസം മാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടർ-56 സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ മനോജ് കുമാർ കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു.
ഇരുവരും തമ്മിലുള്ള ബന്ധവും കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണങ്ങളും കണ്ടെത്താൻ മൊബൈൽ ഫോൺ രേഖകൾ, ചാറ്റുകൾ, സാങ്കേതിക തെളിവുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

