കാപ്പ (KAPA) ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞാ കർമ്മവുമായി ബന്ധപ്പെട്ട
വിഷയത്തിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അന്തിമ തീരുമാനമെടുക്കും. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നിർവഹിക്കുന്നത് നിയമപരമായി തെറ്റല്ലെന്നും ജനവിധി മാനിക്കപ്പെടേണ്ടതുണ്ടെന്നുമാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം.
ഈ വിഷയത്തിൽ ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി അറിയിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിന് അംഗീകൃത മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്ന കോടതി നിർദ്ദേശം ചൂണ്ടിക്കാട്ടി സുഗതൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കാപ്പ നിയമപ്രകാരം തടവിലാക്കപ്പെട്ട സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചത്.
തിരഞ്ഞെടുപ്പിന് മുൻപാണോ സുഗതനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതെന്നും, നാമനിർദേശ പത്രികയിൽ കേസ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നോ എന്നും കോടതി ആരാഞ്ഞിരുന്നു. ജനവിധി മാനിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
നേരത്തെ, സത്യപ്രതിജ്ഞാ വേളയിൽ ദൈവത്തിന്റെയും ബലിദാനികളുടെയും പേര് പരാമർശിച്ചതിനെ തുടർന്ന് ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ നെടുമങ്ങാട് കോടതി സുഗതന് ജൂലൈ 13 വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
എങ്കിലും, കാപ്പ നിയമത്തിന്റെ പരിധിയിൽ വരുന്ന വ്യക്തിയായതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി കൂടി ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയൂ. ഈ നിയമപരമായ തടസ്സം നീക്കാനാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

