ആമ്പല്ലൂർ ദേശീയപാതയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽപാതയുടെ സുരക്ഷയെച്ചൊല്ലി ആശങ്കയേറുന്നു. മേൽപാതയ്ക്കു സമീപം പാർശ്വഭിത്തിയിലെ കോൺക്രീറ്റ് ബ്ലോക്കുകൾ പുറത്തേക്ക് തള്ളിയ നിലയിൽ കണ്ടെത്തിയതാണ് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തുന്നത്.
തൃശൂരിലേക്കുള്ള ബസുകൾ സർവീസ് റോഡിൽ നിർത്തുന്ന കാത്തിരിപ്പു കേന്ദ്രത്തിന് എതിർവശത്തായാണ് ഈ ദൃശ്യമായ അപാകതയുള്ളത്. ഭാരവാഹനങ്ങളുടെ നിരന്തരമായ സഞ്ചാരവും ശക്തമായ മഴയെത്തുടർന്നുള്ള നീരൊഴുക്കുമാണ് മേൽപാതയുടെ ഈ ഭാഗം ഇടിയാൻ കാരണമായേക്കുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനം.
പാർശ്വഭിത്തിയിലെ കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കി സ്ഥാപിച്ചതിലെ അപാകത വ്യക്തമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലെ ഭിത്തി നിർമാണം വളഞ്ഞുപുളഞ്ഞ രീതിയിലാണെന്നും പരാതിയുണ്ട്.
ഈ സാഹചര്യത്തിൽ, അപാകതകൾ സംശയിക്കുന്ന ഭാഗങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ആമ്പല്ലൂർ അടിപ്പാത നിർമാണത്തിന്റെ ഭൂരിഭാഗം ജോലികളും നിലവിൽ പൂർത്തിയായിട്ടുണ്ട്.
മേൽപാതയിലൂടെ വാഹനഗതാഗതം അനുവദിച്ചു കഴിഞ്ഞു. നിലവിൽ ടാറിങ് പൂർത്തിയാക്കി പെയിന്റിങ്, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ അവസാനഘട്ട
മിനുക്കുപണികളാണ് നടക്കുന്നത്. ഏകദേശം രണ്ട് വർഷം മുൻപാണ് ഈ പദ്ധതി ആരംഭിച്ചത്.
നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ തടസ്സങ്ങൾ നേരിട്ടിരുന്നു. അടിപ്പാതയുടെ കാലുകൾക്കായി കുഴിയെടുത്തപ്പോൾ പ്രദേശം കളിമണ്ണ് നിറഞ്ഞതാണെന്ന് കണ്ടെത്തി.
ഇതിനെത്തുടർന്ന് കൃത്യമായ മണ്ണ് പരിശോധന നടത്താതെ പദ്ധതി ആസൂത്രണം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുകയും, രൂപരേഖയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം മാസങ്ങൾ കഴിഞ്ഞാണ് നിർമാണം പുനരാരംഭിക്കുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

