വടകരപ്പതി ആട്ടയാമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു കുഴിച്ചുമൂടിയ സംഭവത്തിൽ പതിനേഴു വയസ്സുകാരനെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആട്ടയാമ്പതി ന്യൂ ഉന്നതി സ്വദേശിനിയായ സരസാൾ (66) ആണ് കഴിഞ്ഞമാസം 10-ന് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഈ കേസിൽ നേരത്തെ അറസ്റ്റിലായ എസ്. ഉദയകുമാറിന്റെ (19) സുഹൃത്താണ് ഇപ്പോൾ പിടിയിലായ കൗമാരക്കാരൻ.
കൊലപാതകത്തിന്റെ ആസൂത്രണം
സംഭവത്തിൽ ഇരുവർക്കും തുല്യ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉദയകുമാറിന്റെ സഹോദരനും ഒരു പെൺകുട്ടിയും സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടെ താമസിക്കാനെത്തിയിരുന്നു.
ഈ പെൺകുട്ടിയെ കാണാനും വിശേഷങ്ങൾ തിരക്കാനും സരസാൾ പതിവായി ഉദയകുമാറിന്റെ വീട്ടിലെത്തുമായിരുന്നു. കൊലപാതകം നടന്ന ദിവസം സരസാൾ വീട്ടിലെത്തുമ്പോൾ പെൺകുട്ടി പുറത്തുപോയിരുന്നു.
ഒരു മണിക്കൂറിനുള്ളിൽ പെൺകുട്ടി തിരികെ എത്തിയപ്പോഴേക്കും കൊലപാതകവും മൃതദേഹം കത്തിക്കലും കുഴിച്ചുമൂടലും ഉൾപ്പെടെയുള്ള കൃത്യങ്ങൾ പ്രതികൾ പൂർത്തിയാക്കിയിരുന്നു. കൃത്യം നടന്ന രീതി
സരസാളിനെ ഉദയകുമാർ തന്ത്രപൂർവം അകത്തേക്ക് വിളിച്ചുകയറ്റുകയായിരുന്നു.
പിന്നാലെ 17 വയസ്സുകാരനായ പ്രതി വെട്ടുകത്തി ഉപയോഗിച്ച് സരസാളിന്റെ തലയ്ക്കു പിറകിൽ ആഞ്ഞടിച്ചു. വീണുകിടന്ന സരസാളിന്റെ മൂക്കിലുണ്ടായിരുന്ന സ്വർണ മൂക്കുത്തികൾ ഊരിയെടുത്ത ശേഷം കഴുത്തിൽ ചവിട്ടി ഉദയകുമാർ മരണം ഉറപ്പാക്കുകയായിരുന്നു.
തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ
പ്ലാസ്റ്റിക് ഷീറ്റും സാരികളും ഉപയോഗിച്ച് മൃതദേഹം കെട്ടിപ്പൊതിഞ്ഞ ശേഷം, മണം പുറത്തറിയാതിരിക്കാൻ പച്ചച്ചാണകം പുരട്ടി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് പാതി കത്തിയ അവശിഷ്ടങ്ങൾ ചാക്കിലാക്കി വീടിനു പിറകിൽ കുഴിച്ചുമൂടി.
പ്രതികളുടെ പശ്ചാത്തലം
നേരത്തെ അറസ്റ്റിലായ എസ്. ഉദയകുമാർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇന്നലെ പിടിയിലായ പതിനേഴു വയസ്സുകാരനെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിൽ സുഹൃത്തിനെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജുവനൈൽ ഹോമിലായിരുന്ന ഇയാൾ, ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

