ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ഹോം സ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിശാഖപട്ടണം സ്വദേശിയായ ശ്രീചരൺ ആണ് ഡെറാഡൂൺ പോലീസിന്റെ പിടിയിലായത്.
27 വയസ്സുകാരിയായ രാധ ഗായത്രിയെ ജൂൺ 15-നാണ് ഹോം സ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക കുറ്റവും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട
വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിൽ താമസക്കാരായ ദമ്പതികൾ ജൂൺ 14-നാണ് ഋഷികേശിലേക്കുള്ള യാത്ര ആരംഭിച്ചത്.
തുടർന്ന് അന്നു രാത്രിയോടെ മസൂറിയിലെ ഹോം സ്റ്റേയിൽ എത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും, യുവതിയുടെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നുമാണ് ശ്രീചരൺ പോലീസിനോട് നേരത്തെ മൊഴി നൽകിയിരുന്നത്.
യുവതിയുടെ പിതാവ് സുധാകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം കർശനമാക്കി.
സംഭവത്തിനുശേഷം ഒളിവിൽ പോയ ശ്രീചരണിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ പ്രതിയായ ശ്രീചരൺ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ഇയാൾക്ക് സംശയരോഗം ഉണ്ടായിരുന്നുവെന്നും പലതവണ മകൾ ഇത് തങ്ങളോട് പങ്കുവെച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഫോൺ വിളിച്ചപ്പോൾ, “അയാൾ സംശയരോഗി, നിരന്തരം പീഡനം, എല്ലാം വന്നിട്ട് പറയാം” എന്ന് രാധ ഗായത്രി തന്നോട് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഡെറാഡൂൺ പോലീസ് അറിയിച്ചു. രാധയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

