രണ്ടാം ശനിയാഴ്ച അവധി ദിവസമായിരുന്നിട്ടും കൊച്ചി നഗരം മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
രാവിലെ ആരംഭിച്ച ഗതാഗത തടസ്സം വൈകുന്നേരം വരെ നീണ്ടുനിന്നത് യാത്രക്കാരെയും പൊതുജനങ്ങളെയും വലിയ ദുരിതത്തിലാക്കി. കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കടവന്ത്ര എന്നീ പ്രധാന ജംക്ഷനുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട
നിരയാണ് അനുഭവപ്പെട്ടത്. അവധി ദിനത്തിലെ ഷോപ്പിങ് തിരക്കും നഗരത്തിലെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു കിടക്കുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടി.
കടവന്ത്രയിലുണ്ടായ കനത്ത തിരക്ക് കലൂർ ഭാഗത്തേക്കുള്ള ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി.
വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള ദൂരം പിന്നിടാൻ വാഹനങ്ങൾ ഒരു മണിക്കൂറിലധികമാണ് എടുത്തത്. പാലാരിവട്ടം ഫ്ലൈഓവറിന് മുകളിൽ പോലും വാഹനങ്ങൾ അനങ്ങാനാവാതെ മണിക്കൂറുകളോളം കിടന്നു.
കുരുക്ക് കാക്കനാട് ഭാഗത്തേക്കും വ്യാപിച്ചതോടെ വാഴക്കാല മുതൽ പാലാരിവട്ടം ബൈപാസ് വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. ഗൂഗിൾ മാപ്പിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം കടുംചുവപ്പ് നിറത്തിൽ ദൃശ്യമായത് യാത്രക്കാരെ ആശങ്കയിലാക്കി.
ഓൺലൈൻ ടാക്സി സർവീസുകളെയും ഈ ഗതാഗത സ്തംഭനം സാരമായി ബാധിച്ചു. മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അരമണിക്കൂറിലേറെ സമയം വേണ്ടിവന്നതോടെ പല ഡ്രൈവർമാരും ട്രിപ്പുകൾ റദ്ദാക്കി.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിലേക്കുള്ള സർവീസുകൾ നടത്താൻ ടാക്സി ഡ്രൈവർമാർ വിമുഖത കാണിച്ചു. നഗരത്തിലെ ഗതാഗത സ്തംഭനത്തിനിടെ മെട്രോ സർവീസുകളിൽ പതിവിലും കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

