കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച തകർന്നുവീണ പൈതൃക ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയായി. സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിന് സമീപമുള്ള ട്രാക്കിലൂടെ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.
ഉച്ചയ്ക്ക് 12.20-ഓടെ ബെംഗളൂരു എക്സ്പ്രസ് ഈ ട്രാക്കിലൂടെ കടന്നുപോയി. ശനിയാഴ്ചയോടെ കണ്ണൂർ പാസഞ്ചർ കോഴിക്കോട് സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് തിങ്കളാഴ്ചയോടെ രണ്ടാമത്തെ ട്രാക്കും പൂർണ്ണ സജ്ജമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഏകദേശം 138 വർഷം പഴക്കമുള്ള ക്ലോക്ക് ടവറിന്റെ മുകൾഭാഗമാണ് തകർന്നു വീണത്.
അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന്, നാല് പ്ലാറ്റ്ഫോമുകൾ വഴി മാത്രമായിരുന്നു ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്. പാലക്കാട് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും സഹായത്തോടെയാണ് നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്തത്.
ബ്രിട്ടീഷ് ഭരണകാലത്ത് കുമ്മായവും വെട്ടുകല്ലും ഉപയോഗിച്ച് നിർമ്മിച്ച 85 അടി ഉയരമുള്ള ഈ കെട്ടിടം സുരക്ഷിതമായി പൊളിച്ചുനീക്കാൻ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ എത്തുന്ന സമയങ്ങളിൽ ജോലി നിർത്തിവെച്ചായിരുന്നു സുരക്ഷാ മുൻകരുതലുകളോടെയുള്ള പ്രവർത്തനങ്ങൾ.
സംഭവത്തിൽ റെയിൽവേ അന്വേഷണ സമിതി രൂപീകരിച്ചു. സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാർ കമ്പനിയായ റാങ്ക് പ്രോജക്റ്റ്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ആർപിഡിപിഎൽ) വിഷയത്തിൽ എം.കെ. രാഘവൻ എംപി രൂക്ഷവിമർശനം ഉന്നയിച്ചു.
“കരാർ കമ്പനിയായ റാങ്ക് പ്രോജക്റ്റ്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്(ആർപിഡിപിഎൽ) നിരുത്തരവാദപരമായ നടപടിയാണ് സ്വീകരിച്ചതെന്നും റെയിൽവേ ഡിആർഎം, ഡിജിഎം എന്നിവർ കൃത്യസമയത്ത് നിർമാണ പ്രവർത്തികളുടെ നിരീക്ഷണം നടത്തിയില്ലെന്നും” അദ്ദേഹം കുറ്റപ്പെടുത്തി. നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കമ്പനിയെ നേരത്തെ എറണാകുളം ജംക്ഷൻ നവീകരണത്തിൽ നിന്ന് 2025 ഒക്ടോബർ 29-ന് നീക്കം ചെയ്തിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
2027 ജൂൺ 30-നകം പൂർത്തിയാക്കേണ്ട കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ 15 ശതമാനം ജോലികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ആരോപണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

