ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് പതിറ്റാണ്ടുകളോളം വിസ്മയം തീർത്ത ഇതിഹാസ ഗായിക എസ്. ജാനകി (88) അന്തരിച്ചു.
മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇരുപതോളം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു അവർ.
ആദ്യകാല ജീവിതം
1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് എസ്. ജാനകി ജനിച്ചത്.
ആയുർവേദ ഡോക്ടറായിരുന്ന ശിസ്തില രാമമൂർത്തിയാണ് പിതാവ്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട
ജാനകി, പിന്നീട് അമ്മാവൻ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് വളർന്നത്.
ഔപചാരികമായ വലിയ സംഗീത പഠനങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ മുന്നോട്ട് നയിച്ചു. 1956ൽ ആകാശവാണി സംഘടിപ്പിച്ച അഖിലേന്ത്യാ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി.
അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിൽ നിന്നാണ് അവർ പുരസ്കാരം ഏറ്റുവാങ്ങിയത്.
സിനിമയിലേക്കുള്ള ചുവടുവെപ്പ്
1957ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചതോടെയാണ് ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നുവരുന്നത്. വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം.
1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ “ഇരുൾ മൂടുകയോ എൻ വഴിയിൽ” എന്ന ഗാനത്തിലൂടെ മലയാളത്തിലും അവർ സാന്നിധ്യമറിയിച്ചു. 1962ലെ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ് ചിത്രത്തിലെ “ശിങ്കാര വേലനെ ദേവ” എന്ന ഗാനം അവരെ തെന്നിന്ത്യൻ സംഗീതത്തിന്റെ നെറുകയിൽ എത്തിച്ചു.
മലയാളത്തിലെ അനശ്വര ഗാനങ്ങൾ
എം.എസ്. ബാബുരാജിന്റെ ഈണങ്ങളിൽ ജാനകി ആലപിച്ച ഗാനങ്ങൾ മലയാളിക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.
തളിരിട്ട കിനാക്കൾതൻ (മൂടുപടം), അഞ്ജന കണ്ണെഴുതീ (തച്ചോളി ഒതേനൻ), സൂര്യകാന്തീ (കാട്ടുപൂവ്), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം.
കെ. രാഘവൻ, എം.എസ്.
വിശ്വനാഥൻ, ജോൺസൺ, രവീന്ദ്രൻ, ശ്യാം തുടങ്ങിയ മുൻനിര സംഗീത സംവിധായകരുടെ ഈണങ്ങളിൽ പിറന്ന നിരവധി ഗാനങ്ങൾ ഇന്നും സംഗീത ആസ്വാദകരുടെ ചുണ്ടിലുണ്ട്. പുരസ്കാരങ്ങളും നേട്ടങ്ങളും
നാലുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം എസ്.
ജാനകിയെ തേടിയെത്തി. 1981ൽ ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ “ഏറ്റുമാനൂരമ്പലത്തിൽ” എന്ന ഗാനത്തിനായിരുന്നു ദേശീയ അംഗീകാരം.
ഇതുകൂടാതെ പതിനൊന്ന് തവണ കേരള സംസ്ഥാന അവാർഡും, ആന്ധ്ര, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്. ഹിന്ദി, സംസ്കൃതം, ജർമൻ, സിംഹള തുടങ്ങി ഒട്ടേറെ ഭാഷകളിൽ അവർ പാടിയിട്ടുണ്ട്.
അവസാന കാലം
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതനിശയിലാണ് ജാനകി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2016ൽ പുറത്തിറങ്ങിയ ‘പത്തു കൽപ്പനകൾ’ എന്ന ചിത്രമായിരുന്നു അവരുടെ അവസാന മലയാള ചിത്രം.
1958ൽ വിവാഹിതയായ ജാനകിയുടെ ഭർത്താവ് പരേതനായ വി. രാമപ്രസാദാണ് (മരണം 1990).
ഏക മകൻ മുരളീകൃഷ്ണയും മരണപ്പെട്ടു. മരുമകൾ ഉമയും പേരക്കുട്ടികളായ അമൃതവർഷിണി, അപ്സര എന്നിവരുമാണ് കുടുംബാംഗങ്ങൾ.

