ബഹാമാസിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സെസ്ന 402 വിമാനം തകർന്നുവീണത്.
സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം വിട്ട് തകരുകയായിരുന്നു. തലസ്ഥാനമായ നസോന് പടിഞ്ഞാറുള്ള നോർത്ത് ആൻഡ്രോസ് എന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്.
ഫ്ലെമിംഗോ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ പൈലറ്റ് ഉൾപ്പെടെ 10 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതായി ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ഇദ്ദേഹം മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ 53ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടായ ഈ ദുരന്തം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടത്തെത്തുടർന്ന് അടിയന്തര നടപടികളുമായി വ്യോമയാന മന്ത്രാലയം രംഗത്തെത്തി.
തുടർച്ചയായി സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മുൻകരുതൽ നടപടിയായി ഫ്ലെമിംഗോ എയറിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് റദ്ദാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ്, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ആഘോഷവേളയിൽ രാജ്യം വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിലെ വേദന അദ്ദേഹം പങ്കുവെച്ചു.
മരിച്ചവരെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

