കോഴിക്കോട്: ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഏകദിന ചലച്ചിത്രമേള നഗരത്തിൽ സാംസ്കാരിക ശ്രദ്ധയാകർഷിച്ചു. ഗുഫ്തുഗു കളക്ടീവ്, എം.എൻ വിജയൻ സാംസ്കാരിക കേന്ദ്രം എന്നിവർ സംയുക്തമായാണ് ‘ജോൺ എബ്രഹാം; ഒഡേസ മുതൽ കാൻ വരെ‘ എന്ന പരിപാടി കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.
മലയാള സിനിമയിലെ സജീവ ചർച്ചാവിഷയമായി ജോൺ എബ്രഹാം എന്ന പ്രതിഭ ഇന്നും തുടരുന്നുണ്ടോ എന്ന ചോദ്യം പരിപാടിയിലെ അനുസ്മരണ യോഗത്തിൽ ഉയർന്നു. ചലച്ചിത്രപ്രവർത്തക ദീദി ദാമോദരൻ ഈ വിഷയത്തിൽ നടത്തിയ വിമർശനം ശ്രദ്ധേയമായി.
“പൂജ ചെയ്യാൻ നമ്പൂതിരിയുണ്ട് എന്ന് പറയുംപോലെ, ജോൺ എബ്രഹാമിനെ ചർച്ച ചെയ്യാൻ ഒരുവിഭാഗം ബുദ്ധിജീവികൾ മതിയെന്നൊരു ധാരണയുണ്ട്” എന്നായിരുന്നു അവരുടെ പ്രതികരണം. എന്നാൽ, ജോൺ എബ്രഹാം മുൻകൈയെടുത്ത് രൂപം നൽകിയ ചലച്ചിത്ര സംസ്കാരം ഇന്നും സജീവമാണെന്നതിന് തെളിവാണ് ഈ മേളയെന്ന് സംവിധായകൻ പ്രതാപ് ജോസഫ് അഭിപ്രായപ്പെട്ടു.
അഗ്രഹാരത്തിൽ കഴുത, അമ്മ അറിയാൻ തുടങ്ങിയ വിഖ്യാത ചിത്രങ്ങളും ജോൺ എന്ന ഡോക്യുമെന്ററിയും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി സംവിധായകൻ പ്രേംചന്ദ്, അനിത ബാബു, സക്കറിയ മാത്യു, യൂനസ് മുസ്ലിയാരകത്ത്, ജെന്നി വടകര, മുഹമ്മദ് ഷുഹൈബ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട് നഗരത്തിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കൂട്ടായ്മയാണ് ഗുഫ്തുഗു കളക്ടീവ്. ഈ കൂട്ടായ്മയും എം.എൻ വിജയൻ സാംസ്കാരിക കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമേളയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

